കാസര്‍കോട്: പാസ്പോര്‍ട്ടുകളും വ്യാജ സീലുകളും രേഖകളുമായി കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ അറസ്റ്റിലായ സംഘത്തെ അഞ്ചുദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയിലെ പുതിയക്കണ്ടം ഹൗസില്‍ എം.എ.അഹമ്മദ് അബ്രാര്‍(26), എം.എ.സാബിത്ത് (25), പടന്നക്കാട് കരുവളം, ഇ.എം.എസ് ക്ലബ്ബിനു സമീപത്തെ ഫാത്തിമ മന്‍സിലില്‍ മുഹമ്മദ് സഫ്വാന്‍ (25) എന്നിവരെയാണ് ബേഡകം എസ്.ഐ എം.ഗംഗാധരന്റെ കസ്റ്റഡിയില്‍ വിട്ടത്.
ഈ മാസം ഒന്നിനു രാത്രി ബന്തടുക്ക, കണ്ണാടിത്തോടിനു സമീപത്തു വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംഘം അറസ്റ്റിലായത്. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച പ്ലാസ്റ്റിക് കവറുകള്‍ക്ക് അകത്തു നിന്നു വിദഗ്ദ്ധ ഡോക്ടര്‍മാരുടേതടക്കമുള്ള 37 വ്യാജ സീലുകളും വിവിധ ബാങ്കുകളുടെ വ്യാജരേഖകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാജരേഖകളും കണ്ടെത്തിയിരുന്നു.
ഉത്തര കൊറിയയിലേയ്ക്ക് ആള്‍ക്കാരെ കയറ്റി അയക്കുന്നതിനുവേണ്ടിയാണ് വ്യാജ സീലുകളും രേഖകളും നിര്‍മ്മിച്ചതെന്നാണ് അറസ്റ്റിലായ സംഘം നല്‍കിയ മൊഴി. ബംഗളൂരു മടിവാളയിലെ ഒരു സ്ഥാപനത്തില്‍ വച്ചാണ് നിര്‍മ്മിച്ചതെന്നാണ് പ്രതികള്‍ പൊലീസിനു നല്‍കിയ മൊഴി. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പ്രതികളെ ബംഗളൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തും. വ്യാജരേഖകള്‍ ഉപയോഗിച്ച് ഇതിനകം എട്ടുപേരെ ഉത്തരകൊറിയയിലേയ്ക്ക് കയറ്റി അയച്ചതായും സംഘം പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇക്കാര്യത്തിലും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.