കാസര്‍കോട്: മാലിന്യ ശേഖരണത്തിന് മാത്രമല്ല, മറ്റു തൊഴിലുകള്‍ ചെയ്യാനും തൃക്കരിപ്പൂരിലെ ഈ ഹരിത കൂട്ടായ്മ റെഡിയാണ്. പാടത്ത് വിളഞ്ഞ് പാകമായ നെല്ല് കൊയ്യാന്‍ ആളെ കിട്ടാതെ ആശയക്കുഴപ്പത്തിലായിരുന്നു കൊയോങ്കര സ്വദേശിനി ദിവ്യ. ഹരിത കര്‍മ സേനാ അംഗം കൂടിയായ ദിവ്യ ഇക്കാര്യം സഹപ്രവര്‍ത്തകരുമായി വിഷയം ചര്‍ച്ച ചെയ്തു. നെല്ല് കൊയ്യാന്‍ തയ്യാറാണെന്ന് ഹരിത കര്‍മ സേന അറിയിച്ചതോടെ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ബാവയും ഭരണ സമിതി അംഗങ്ങളും പൂര്‍ണ പിന്തുണ നല്‍കുയായിരുന്നു. അങ്ങനെ പഞ്ചായത്തിലെ 42 ഹരിത കര്‍മ്മ സേന അംഗങ്ങളും തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പാടത്തിറങ്ങി 42 സെന്റ് സ്ഥലത്തെ നെല്ല് കൊയ്തു.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സീത ഗണേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഇ.എം.ആനന്ദവല്ലി, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്‌സണ്‍ പി.വി.ദേവരാജന്‍, പാടശേഖര സമിതി പ്രസിഡണ്ട് ടി.അജിത, പൊതു പ്രവര്‍ത്തകരായ കെ.വി.ഗണേഷ്, കെ.വി.ശശി, വി.പദ്മനാഭന്‍, എ.ഡി.എസ് സെക്രട്ടറി കെ.വി.രമ്യ, വി.ഇ.ഒ എസ്.കെ.പ്രസൂണ്‍, ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറി കെ.ഷീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.