തിരുവനന്തപുരം: നാലുമാസം മുന്‍പു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത ആഡംബര ഹോട്ടലില്‍ നടത്തിയ ഓണസദ്യയുടെ ചെലവ് 26 ലക്ഷമായി വര്‍ധിച്ചു. അധിക തുകയായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 7.86 ലക്ഷം രൂപ കൂടി അനുവദിച്ചതോടു കൂടിയാണിത്. സാമ്പത്തികമായി നടുവൊടിഞ്ഞു കിടക്കുന്ന കേരളം നവകേരള സദസിന് പുറമേ ഈ അധിക ചെലവ് കൂടി ഇനി താങ്ങണം.
ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് ഈ മാസം 13 ന് അധികഫണ്ട് അനുവദിച്ചത്. ഓഗസ്റ്റ് 26ന് നിയമസഭ മന്ദിരത്തില്‍ നടന്ന സദ്യയ്ക്കായി 19 ലക്ഷം രൂപ നവംബര്‍ 8 ന് അനുവദിച്ചിരുന്നു. അധിക തുക കൂടി അനുവദിച്ചതോടെ ഓണസദ്യയ്ക്ക് ആകെ ചെലവ് 26.86 ലക്ഷം രൂപയായി ഉയര്‍ന്നു.
എതു വകയിലാണ് അധിക തുക അനുവദിച്ചതെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമല്ല. എന്നാല്‍, ഇത്രയും ഭീമമായ തുക ചെലവാക്കിയ ഓണസദ്യയില്‍ എത്രപേര്‍ പങ്കെടുത്തുവെന്ന് കൃത്യമായ കണക്കില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ധനകാര്യ വകുപ്പ് നല്‍കിയ മറുപടി.
അഞ്ചുതരം പായസമുള്‍പ്പെടെ 65 വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യയാണ് സ്വകാര്യ കേറ്ററിങ് സ്ഥാപനം വിളമ്പിയത്. സ്പീക്കര്‍ എ.എന്‍.ഷംസീറും നിയമസഭയില്‍ ഓണസദ്യ ഒരുക്കിയിരുന്നു. ഇതു കൂടാതെയായിരുന്നു പൗരപ്രമുഖര്‍ക്കായി മുഖ്യമന്ത്രിയുടെ സദ്യ. പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ചു ജനുവരി മൂന്നിന് മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി വിരുന്നൊരുക്കുന്നുണ്ട്. സാമ്പത്തികമായി ഞെരുങ്ങി മുന്‍പോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാര്‍ ട്രഷറി നിയന്ത്രണമുപ്പെടെ നടപ്പാക്കിയതിനാല്‍ ഗവ. കരാറുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ 1600 കോടി കുടിശ്ശിക കിട്ടാതെ വലയുകയാണ്. ഈ സാഹചര്യത്തിലാണ് ആഢംബരങ്ങള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്.