നരഭോജി കടുവക്കായി തിരച്ചിൽ തുടങ്ങിയിട്ട് 8 നാൾ പിന്നിട്ടു; 4 കൂടുകൾ സ്ഥാപിച്ചു; കടുവ ഇനിയും കാണാമറയത്ത്

സുല്‍ത്താൻബത്തേരി: പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂരില്‍ കര്‍ഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ പിടിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ഒരു കൂടുകൂടി സ്ഥാപിച്ചു. പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്തിനു കുറച്ചുമാറിയാണ് കൂട് വച്ചത്. ഇതോടെ സ്ഥാപിച്ച കൂടുകളുടെ എണ്ണം നാലായി. ദൗത്യ സംഘം ഇന്നലെ നടത്തിയ തെരച്ചലിലും കടുവയെ കണാനായില്ല. കൂടല്ലൂരിലെയും സമീപങ്ങളിലെയും തോട്ടങ്ങളിലും വനത്തിലുമായിരുന്നു തെരച്ചില്‍. നരഭോജി കടുവയെ കണ്ടെത്തുന്നതിനു നടത്തുന്ന പരിശ്രമം ഇന്നലെ എട്ടു ദിവസം പിന്നിട്ടു.

കടുവയെ തിരിച്ചറിയാനായതാണ് ദൗത്യത്തില്‍ ഇതിനകം ഉണ്ടായ വലിയ പുരോഗതി. കടുവയെ പിടിക്കുന്നതിനുള്ള ശ്രമത്തില്‍ പങ്കെടുക്കുന്നതിന് കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നും ദ്രുത പ്രതികരണ സേനയുടെ സ്പെഷല്‍ ടീം ഇന്ന് വാകേരിയില്‍ എത്തും. മയക്കുവെടി വിദഗ്ധരും ഷൂട്ടര്‍മാരും വെറ്ററിനറി ഫോറസ്റ്റ് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് കടുവയെ പിടിക്കാൻ രാപകല്‍ അധ്വാനിക്കുന്നത്.
പരമാവധി പ്രയത്നിച്ചിട്ടും കടുവയെ പിടിക്കാനായില്ലെങ്കില്‍ കൊല്ലാൻ സംസ്ഥാന മുഖ്യ വനം-വന്യജീവി പാലകൻ നേരത്തേ ഉത്തരവായിരുന്നു. കടുവയെ ജീവനോടെ പിടിക്കണമെന്ന താത്പര്യത്തിലാണ് ദൗത്യസംഘം. എന്നാല്‍ കടുവയെ കൊല്ലണമെന്ന നിലപാടിലാണ് പ്രദേശവാസികള്‍. കടുവ സാന്നിധ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്നലെ വൈകുന്നേരം വാകേരി ക്ഷീര സംഘം ഹാളില്‍ ജനപ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍, വനം-പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കടുവയെ പിടകൂടാനുള്ള ശ്രമം യോഗം വിലയിരുത്തി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page