കാശ്മീരിൽ കാർ കൊക്കയിലേക്ക് വീണ് നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ നാല് മലയാളികൾ ഉൾപ്പടെ 5 വിനോദസഞ്ചാരികൾ മരിച്ചു. സോനം മാര്‍ഗിലേക്ക് പോകുകയായിരുന്ന കാര്‍ ശ്രീനഗറിലെ സോജില പാസിനടുത്ത് വച്ച്‌ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് ചിറ്റൂർ സ്വദേശികളായ നാലുപേരും കാശ്മീർ സ്വദേശിയായ കാർ ഡ്രൈവറുമാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. ചിറ്റൂർ സ്വദേശികളായ സുധീഷ്(33), അനില്‍(34), വിഗ്നേഷ്(22), രാഹുല്‍(28) എന്നിവരാണ് മരിച്ച മലയാളികള്‍. എല്ലാവരും അയൽവാസികളാണ്. കാർ ഡ്രൈവർ ശ്രീനഗർ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും അപകടത്തിൽ മരിച്ചു. അപകട വിവരം അറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കൾ ജമ്മു കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്. കാറില്‍ ഡ്രൈവർ ഉൾപ്പടെ ആകെ എട്ടുപേരാണ് ഉണ്ടായിരുന്നത്. അഞ്ചുപേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ശേഷിച്ച മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചിറ്റൂരിൽ നിന്ന് 13 പേർ അടങ്ങുന്ന സംഘം നവംബർ 30നാണ് ട്രെയിൻ മാർഗ്ഗം കാശ്മീരിലേക്ക് പുറപ്പെട്ടത്. സുഹൃത്തുക്കൾ ചേർന്ന് കുറി നടത്തിയാണ് വിനോദയാത്ര പോകാനുള്ള പണം സംഘടിപ്പിച്ചത്. നിർമ്മാണ തൊഴിലാളിയാണ് അനിൽ. ദൈവാനയാണ് മാതാവ്. ഭാര്യ സൗമ്യ. സർവ്വേ ജോലി ചെയ്യുന്ന ആളാണ് സുധീഷ്. പ്രേമയാണ് മാതാവ്. ഭാര്യ മാലിനി. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് രാഹുൽ. ചന്ദ്രികയാണ് മാതാവ്. ഭാര്യ നീതു. കടയിലെ ജീവനക്കാരനാണ് മരണപ്പെട്ട വിഘ്നേഷ്. മാതാവ് പാർവതി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page