ജിയോ ബാഗ് കടല്‍ഭിത്തി സ്ഥാപിച്ചിട്ടും ഫലമില്ല; തൃക്കണാട് കടപ്പുറത്തെ താല്‍ക്കാലിക കടല്‍ഭിത്തി കടലെടുത്തു

ബേക്കല്‍: തൃക്കണ്ണാട് കടല്‍ത്തീരത്ത് ക്ഷേത്രമണ്ഡപത്തിന്റെ സുരക്ഷിതത്വത്തിനും കടലേറ്റം തടയുന്നതിനും നിര്‍മിച്ച താല്‍ക്കാലിക കടല്‍ഭിത്തി ജിയോ ബാഗ് ഒരു ഭാഗം തകര്‍ന്നു. 60 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച കടല്‍ഭിത്തിയുടെ മുകളില്‍ അട്ടിവെച്ച മണല്‍ചാക്കുകള്‍ കഴിഞ്ഞ ദിവസത്തെ ശക്തമായ തിരയില്‍ കടലില്‍ പതിക്കുകയായിരുന്നു. 1400-ഓളം മണല്‍ചാക്കുകള്‍ അട്ടിവെച്ച് ഇറിഗേഷന്‍ വകുപ്പ് ഒന്നര മാസം മുന്‍പ് നിര്‍മിച്ചതാണ് ഈ ഭിത്തി. മണ്ഡപത്തിനു പടിഞ്ഞാറു ഭാഗം മേല്‍ഭാഗത്തെ 20 മീറ്ററോളം നീളത്തിലുള്ള ജിയോബാഗ് പാളി യാണ് കടലെടുത്തത്. മണല്‍നിറച്ച ഭാഗുകള്‍ പലതും ഇപ്പോള്‍ കടലിലാണ്. തറനിരപ്പില്‍നിന്ന് ഒരുമീറ്റര്‍ താഴ്ചയില്‍ എടുത്ത കുഴിയില്‍ യന്ത്രസഹായത്താല്‍ ആദ്യം മണല്‍ ബാഗുകള്‍ നിറച്ചിരുന്നു. ഭൂനിരപ്പില്‍നിന്ന് 1.70 മീറ്റര്‍ ഉയരത്തിലും ബാഗുകള്‍ അട്ടിവെച്ചാണ് ആറ് മീറ്റര്‍ വീതിയുള്ള കടല്‍ഭിത്തി ഒരുക്കിയത്. ഭൂമിക്കടിയില്‍ നാലും മുകളില്‍ അഞ്ചും മണല്‍ചാക്കുകള്‍ അടുക്കിയിരുന്നു. അതാണ് തിരകളില്‍ തകര്‍ന്നത്. ജലസേചനവകുപ്പ് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിര്‍മാണം. തൃക്കണ്ണാട്, ബേക്കല്‍ ഫിഷറീസ് സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ അതിശക്തമായ നിലയില്‍ കടലേറ്റ ഭീഷണിയുണ്ടെന്നു സമീപവാസികള്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page