മംഗളൂരു: ഉഡുപ്പി അജ്ജാര്‍കാട് ജില്ലാ ആശുപത്രിയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ കാമുകിയുടെ ബന്ധുക്കളടക്കം 10 പേര്‍ക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തു. ജീവനൊടുക്കിയ പെര്‍ഡൂര്‍ സ്വദേശി പ്രദീപിന്റെ സഹോദരന്‍ ദിലീപ് കുമാറിന്റെ പരാതിയിലാണ് ഉഡുപ്പി സിറ്റി പൊലീസ് കേസെടുത്തത്. ശ്രവ്യ ഷെട്ടി, പ്രസന്ന ഷെട്ടി, സുധീര്‍, ശൈലേഷ്, ശശാങ്ക്, കൃഷ്ണ, സുജയ, സനത്, രണ്ട് കുടിയേറ്റ തൊഴിലാളികള്‍ എന്നിവരാണ് പ്രതികള്‍. പ്രദീപ് കഴിഞ്ഞ എട്ട് വര്‍ഷമായി ശ്രവ്യ ഷെട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നുവെന്ന് സഹോദരന്‍ ദിലീപ് പറയുന്നു. ഒക്ടോബര്‍ 27 ന് രാത്രി 10 മണിയോടെ നായര്‍കോട്ടുള്ള വീട്ടിലേക്ക് വരുമ്പോഴാണ് പ്രദീപിനെ ശ്രവ്യയുടെ സഹോദരങ്ങള്‍ മൂന്ന് കാറുകളില്‍ എത്തി പ്രദീപിനെ തടഞ്ഞത്. പിന്നീട് യുവതിയുടെ വീട്ടില്‍ കൊണ്ടുപോയി അക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സുഹൃത്തുക്കളാണ് പ്രദീപിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതെന്ന് ദിലീപിന്റെ പരാതിയില്‍ പറയുന്നു. മുന്‍ കാമുകിയുടെ വീട്ടുകാരുടെ അക്രമത്തിലും ഭീഷണിയിലും മനോവിഷമത്തിലായ പ്രദീപ് 30 ന് വൈകുന്നേരം 5.30 ഓടെ ആശുപത്രിയിലെ വാഷ്റൂമില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.








