തലശേരി: വീട്ടുകാര്‍ പുറത്തുപോയ തക്കത്തില്‍ വീടിനകത്തുകയറി അതിക്രമവും മോഷണവും. ഫാനും ടിവിയും മേശയും നശിപ്പിച്ച മോഷ്ടാവ് വീട്ടിനുള്ളില്‍ മലമൂത്ര വിസര്‍ജനവും നടത്തി. എന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മിഠായികള്‍ മാത്രമാണ് കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പാനൂര്‍ ചമ്പാട് അരയാക്കൂല്‍ ജന്മീന്റവിട പുഷ്പലതയുടെ വീട്ടിലാണ് അതിക്രമം നടന്നത്. പുഷ്പലത വീടുപൂട്ടി പുറത്തു പോയിരുന്നു. വൈകിട്ട് 6 മണിയോടെ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്നനിലയിലായിരുന്നു. അകത്തുകയറി പരിശോധിച്ചപ്പോഴാണ് മുറിയിലെ സീലിങ് ഫാനിന്റെ ലീഫുകള്‍ ഒടിച്ച നിലയിലും ടിവിയും മേശയും അടുക്കളയിലെ മിക്‌സിയും മറിച്ചിട്ട നിലയിലും കണ്ടെത്തിയത്. വരാന്തയില്‍ മലമൂത്രവിസര്‍ജനവും നടത്തിയിരുന്നു. മറ്റു സാധനങ്ങളോ പണമോ കവര്‍ന്നിട്ടില്ല. വീട്ടിലെത്തിയത് കുട്ടിമോഷ്ടാവെന്നാണ് സംശയം. ചോതാവൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശുചീകരണത്തൊഴിലാളിയാണ് പുഷ്പലത. പുഷ്പലതയുടെ പരാതിയില്‍ പാനൂര്‍ എസ്‌ഐ മരിയ പ്രിന്‍സിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.








