കാസർകോട്: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ബെനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യയുടെ കാസർകോട്ടെ ഇടപാടുകളിലും അന്വേഷണം വേണമെന്ന് പരാതി. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ അഞ്ചുവർഷം നൽകിയ പദ്ധതികൾ പരിശോധിക്കണമെന്നാണ് വിജിലൻസിന് നൽകിയ പരാതിയിലെ ആവശ്യം. ബ്ലോക്ക് പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ അൻവർ സാദത്താണ് വിജിലൻസിൽ പരാതി നൽകിയത്. ജില്ലാ പഞ്ചായത്തിന്റെ ടെൻഡർ നടപടികൾ, കരാർ വ്യവസ്ഥകൾ, സർക്കാർ ഫണ്ട് വിനിയോഗം ഉൾപ്പടെ അന്വേഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നത്. സിൽക്ക് (എസ് ഐ എൽ കെ )നൽകിയ പദ്ധതികളും പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നൽകിയതിന് പിന്നാലെ കാസർകോട് ജില്ലാ പഞ്ചായത്തിന്റെ പദ്ധതികൾ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നൽകിയിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. നാലു കോടിയിൽ അധികം രൂപയുടെ പദ്ധതികൾ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നൽകി എന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു. എല്ലാം നിയമപരമായി നടന്നുവെന്നായിരുന്നു പ്രസിഡന്റ് പറഞ്ഞിരുന്നത്. 2021 മാർച്ച് ഒന്നു മുതൽ 2025 ഒക്ടോബർ വരെയുള്ള കാലാളവിൽ ജില്ലാ പഞ്ചായത്തിന്റെ ഭരണാനുമതികൾ പ്രവൃത്തികൾ എന്നിവ അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.








