മംഗളൂരു: ഇഷ്ടത്തിലായിരുന്ന യുവതിയുടെ ബന്ധുക്കളുടെ അക്രമത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകനും ഉഡുപ്പി പെര്‍ഡൂര്‍ സ്വദേശിയുമായ പ്രദീപ് പൂജാരി(28) ആണ് അജ്ജാര്‍കാഡ് ജില്ലാ ആശുപത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആശുപത്രിയിലെ ബാത്‌റൂമിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ വീട്ടുകാരുടെ അക്രമത്തില്‍ പരിക്കേറ്റ് മൂന്നു ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു യുവാവ്. കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രദീപ് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. ഒരുവര്‍ഷം മുമ്പ് യുവതി പ്രണയത്തില്‍ നിന്ന് പിന്മാറുകയും യുവാവുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. വീണ്ടും പ്രദീപ് പ്രണയഭ്യര്‍ഥനയുമായി യുവതിയെ സമീപിച്ചപ്പോള്‍ നിരസിച്ചിരുന്നു. തന്നെ അക്രമിച്ചെന്ന് യുവതി വനിതാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 27 ന് പ്രദീപ് വീണ്ടും യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് അവര്‍ക്ക് നേരെ മുളകുപൊടി എറിയാന്‍ ശ്രമിച്ച യുവാവിനെ അക്രമിച്ചതായും പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ നാട്ടുകാര്‍ അജ്ജാര്‍കാഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ മരണത്തെ തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തകരും നാട്ടുകാരും ഉഡുപ്പി ടൗണ്‍ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധം നടത്തി. അസ്വാഭിവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.








