തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ക്കും ആന്‍ഡമാന്‍ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത ആറു മണിക്കൂറിനകം ഇത് തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും, ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും, ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ യാതൊരു കാരണവശാലും മല്‍സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.








