കാസര്‍കോട്: കോഴിക്കോട് നടന്നുവരുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഏറ്റവും വേഗമേറിയ ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ പാണത്തൂര്‍ സ്വദേശി ജില്‍ഷ ജിനില്‍ സ്വര്‍ണം നേടി. 11.29 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജില്‍ഷ ഈ മിന്നുന്ന ജയം സ്വന്തമാക്കിയത്. തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ജില്‍ഷ. 2023 മുതല്‍ ദേശീയ, സൗത്ത് സോണ്‍, സംസ്ഥാന അത്ലറ്റിക് മീറ്റുകളിലായി നിരവധി സ്വര്‍ണ്ണ, വെള്ളി, വെങ്കല മെഡലുകളും മീറ്റ് റെക്കോര്‍ഡും ജില്‍ഷ സ്വന്തമാക്കിയിട്ടുണ്ട്. ഭുവനേശ്വരില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെ ദേശീയ-സംസ്ഥാന തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് ജില്‍ഷ ഈ നേട്ടത്തിലേക്ക് എത്തിയത്. പാണത്തൂര്‍ വട്ടക്കയത്തെ ജിനില്‍ മാത്യുവിന്റെയും വിജെ ജോമിയുടെയും മകളാണ് ഈ താരം.







