പത്തുവര്‍ഷത്തിനിടെ 38 പേരെ ക്രൂരമായി കൊന്ന് ഭക്ഷിച്ചു: ഉഗാണ്ടയെ വിറപ്പിച്ച സീരിയല്‍ കില്ലര്‍ പിടിയില്‍

കമ്പാല: 10 വര്‍ഷത്തിനിടെ 38 പേരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ ഭക്ഷിക്കുകയും ചെയ്തെന്ന ആരോപിക്കപ്പെടുന്നയാള്‍ യുഗാണ്‍ഡയില്‍ അറസ്റ്റില്‍. മുജുറിസി മോസസ് എന്നയാളെയാണ് സുരക്ഷാസേന അറസ്റ്റുചെയ്തത്. 2010 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഇയാള്‍ രാജ്യത്ത് പലയിടങ്ങളിലായി ഒട്ടേറെ കൊലപാതകങ്ങള്‍ നടത്തിയതായി യുഗാണ്‍ഡ സൈനിക മേധാവി ജനറല്‍ മുഹൂസി കൈനറുഗബ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ദുഷ്ടനായ മുജുറുസി മോസസിനെ സുരക്ഷാസേന അറസ്റ്റുചെയ്തതില്‍ സന്തോഷമുണ്ടെന്നും യുഗാണ്‍ഡയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കൊലപാതകിയും നരഭോജിയുമാണ് ഇയാളെന്നും കൈനറുഗബ കുറിച്ചു. 2010-നും 2025-നുമിടയില്‍ മസാക്ക, ഇബാന്‍ഡ, കസോ ജില്ലകളിലായി 38 പേരെ കൊലപ്പെടുത്തുകയും ഭക്ഷിക്കുകയും ചെയ്തു. ഇയാളെ പരസ്യവിചാരണയ്ക്ക് വിധേയനാക്കുകയും തീര്‍ച്ചയായും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുമെന്ന് മുഹൂസി കൈനറുഗബ എക്സില്‍ കുറിച്ചു. വീടുകളില്‍ അതിക്രമിച്ചുകയറിയശേഷം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചാണ് ഇയാള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ടെന്നും ആരോപണമുണ്ട്. പെന്തക്കോസ്ത് സഭാ പാസ്റ്ററായ സ്റ്റീവന്‍ മുഗാംബയുടെ വീട്ടില്‍ ഇയാളുടെ കൂട്ടാളികളെന്ന് സംശയിക്കുന്നവര്‍ തുരന്നുകയറി വീട്ടിലുണ്ടായിരുന്ന എല്ലാവരെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ് ഏറ്റവും ക്രൂരമായ ആക്രമണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രണയം നടിച്ച് ആളുകളെ വശീകരിച്ചും കൊലപാതകങ്ങള്‍ നടത്തിയതായി ആരോപണമുണ്ട്. മുജുറുസിയെ മുന്‍പും പലതവണ പിടികൂടിയിരുന്നെങ്കിലും പിന്നീട് രക്ഷപ്പെടുകയായിരുന്നു. അതേസമയം ഇയാള്‍ എങ്ങനെയാണ് മുന്‍ നടപടികളില്‍നിന്ന് രക്ഷപ്പെട്ടതെന്ന കാര്യങ്ങളില്‍ വ്യക്തതയില്ല. ഇയാള്‍ താമസിച്ചിരുന്ന പ്രദേശത്തെ തിരോധാനക്കേസുകളും കൊലപാതകക്കേസുകളും പൊലീസ് വീണ്ടും പരിശോധിച്ചുവരികയാണ്. ഇവയില്‍ മോസസിന് ബന്ധമുണ്ടോ എന്നാണ് പരിശോധന. മോസസിനെതിരായ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെടേണ്ടതുണ്ടെന്നത് വെല്ലുവിളിയാണെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page