ബെംഗളൂരു : പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചതിന് പ്രത്യുപകാരമായി ജീവപര്യന്തം തടവിന് ശിക്ഷിച്ചയാളെ നിയമവിരുദ്ധമായി വിട്ടയച്ച കേസിൽ കർണാടക ജയിൽ വകുപ്പ് ഡി.ഐ.ജി എം. സോമശേഖർ അറസ്റ്റിൽ. സുപ്രീം കോടതി ഉത്തരവ് വ്യാജമായി തയാറാക്കിയ ജയിൽ ഉദ്യോഗസ്ഥൻ കഴിഞ്ഞമാസം പിടിയിലായതോടെയാണു ഡിഐജി സോമശേഖറിന്റെ പങ്കും വെളിപ്പെട്ടത്. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഭർത്താവിന്റെ പരോളിനും മോചനത്തിനുമായി സോമശേഖർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ 2004 മുതൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ശങ്കറിനെ 2018ലാണു മോചിപ്പിച്ചത്.
തട്ടിപ്പ് നടക്കുമ്പോൾ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ചീഫ് സൂപ്രണ്ടായിരുന്നു സോമശേഖർ. ഭർത്താവിന്റെ മോചനം ഉറപ്പാക്കാൻ മുതിർന്ന ഉദ്യോഗസ്ഥനും കീഴുദ്യോഗസ്ഥനും കുറ്റവാളിയുടെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 2004ൽ ഫാസ്റ്റ് ട്രാക്ക് കോടതി തട്ടിക്കൊണ്ടുപോകൽ കേസിൽ തമിഴ്നാട് സ്വദേശി ശങ്കർ അറുമുഖത്തിന് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ശങ്കറിന്റെ അപ്പീലുകൾ ഹൈകോടതിയും സുപ്രീംകോടതിയും തള്ളുകയും ചെയ്തു. എന്നാൽ, വ്യാജ സുപ്രീംകോടതി ഉത്തരവ് കാട്ടിയാണ് ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചത്. വ്യാജ ഒപ്പുകളും സീലുകളും ഉപയോഗിച്ച് വ്യാജ വിടുതൽ ഉത്തരവ് ഉണ്ടാക്കി. ശങ്കറിന്റെ ശിക്ഷ സുപ്രീംകോടതി 10,000 രൂപ പിഴയായി കുറച്ചതായാണ് വ്യാജ രേഖ തയാറാക്കിയത്. ഇത് വിശ്വസിച്ച ജയിൽ അധികൃതർ പിഴ ഈടാക്കിയ ശേഷം 2018 നവംബർ 13ന് ശങ്കറിനെ വിട്ടയച്ചു. ജയിൽ ഡയറക്ടർ ജനറലിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എട്ടു വർഷത്തിനുശേഷം സത്യാവസ്ഥ പുറത്തുവന്നത്. വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബംഗളൂരു സെൻട്രൽ ജയിലിലെ ചീഫ് സൂപ്രണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥർ ഉടൻ തന്നെ സുപ്രീംകോടതിയുടെ അസിസ്റ്റന്റ് രജിസ്ട്രാറെ ബന്ധപ്പെട്ടു. അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും മോചന രേഖകൾ പൂർണമായും വ്യാജമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. തുടർന്നാണ് പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിൽ വഞ്ചന, വ്യാജരേഖ ചമക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവ ഉൾപ്പെടുന്ന കേസ് രജിസ്റ്റർ ചെയ്തത്. ഡിഐജി സോമശേഖറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.








