കണ്ണൂര്‍: അടുക്കള വാതിലിന്റെ ഓടാമ്പല്‍ തള്ളി നീക്കി വീടിനു അകത്തു കടന്ന് അഞ്ചു പവന്‍ സ്വര്‍ണ്ണവും 10,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത വിരുതന്‍ അറസ്റ്റില്‍. ബീഹാര്‍, മാധവപ്പട്ടി വില്ലേജിലെ മുഹമ്മദ് യാസി (20)നെയാണ് കണ്ണൂര്‍ എ സി പി എം പി ആസാദിന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ സി ഐ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം പാറക്കണ്ടി ബീവറേജിനു സമീപം നരിയന്‍പാലി ഹൗസില്‍ എന്‍. ഷൈലജയുടെ വീട്ടില്‍ നടന്ന കവര്‍ച്ചാ കേസിലാണ് അറസ്റ്റ്.
സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.
കൂലിപണിയെടുക്കാനാണ് മുഹമ്മദ് യാസിന്‍ കണ്ണൂരില്‍ എത്തിയത്. എന്നാല്‍ കാര്യമായി പണിക്കൊന്നും പോകാതെ മോഷണത്തിലേയ്ക്ക് തിരിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മോഷ്ടാവിനെ അറസ്റ്റു ചെയ്ത സംഘത്തില്‍ എസ് ഐ വിനോദ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി വി നസീല്‍, എ സി പിയുടെ ഷാഡോ ടീം അംഗങ്ങളായ ഹനീഷ് യൂസഫ്, ഷംജിത്ത്, അഭിഷേക് എന്നിവരും ഉണ്ടായിരുന്നു.








