തൃശൂർ : ചാവക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനി സാന്ദ്ര സന്തോഷ് ആണ് മരിച്ചത്. ജോലി സ്ഥലത്തോട് ചേർന്നുള്ള റിസപ്ഷൻ മുറിയിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്ന കോൺഫറൻസിൽ സാന്ദ്ര എത്താതിരുന്നതോടെയാണ് സഹപ്രവർത്തകർ അന്വേഷിക്കാൻ തുടങ്ങിയത്. ഫോണിൽ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നുമാണ് വിവരം.
തുടർന്ന് സമീപത്തെ അംഗൻവാടി അധ്യാപികയെ വിളിച്ച് സാന്ദ്രയെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. അധ്യാപിക സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സബ് സെന്ററിനോട് ചേർന്നുള്ള റിസപ്ഷൻ മുറിയിൽ സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടില്ല.
സാന്ദ്ര സന്തോഷിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.








