കൊല്ലം: നീല സ്കൂട്ടറിൽ കറങ്ങി ഒറ്റയ്ക്ക് നടന്നുപോകുന്ന പെൺകുട്ടികളെ നിരന്തരമായി ശല്യംചെയ്തുവന്ന യുവാവിനെ മാസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ പോലീസ് ‘തൂക്കി’. പുത്തൂർ ആലയ്ക്കൽ കുഴിയിൽ പുത്തൻവീട്ടിൽ ലിജോ(33)യാണ് ഒടുവിൽ വലയിലായത്. റൂറൽ ഡാൻസാഫ് ടീം ആണ് യുവാവിനെ പിടികൂടിയത്. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ 12ലധികം പെൺകുട്ടികളെയാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇയാൾ ഉപദ്രവിച്ചത്. ആളൊഴിഞ്ഞ വഴികളിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാളിലാണ് ഇയാളുടെ നോട്ടം. സ്കൂൾവിട്ട് ബസിറങ്ങി വീടുകളിലേക്ക് നടന്നുപോകുന്ന കുട്ടികളെയും ഉന്നംവെക്കുന്നു. നീല സ്കൂട്ടറിൽ പിന്നിലൂടെ വന്ന് കുട്ടികളെ കടന്നുപിടിക്കുന്നതാണ് രീതി. കൃത്യത്തിനുശേഷം വാഹനം വേഗത്തിലോടിച്ച് രക്ഷപ്പെടുന്നതിനാൽ ആർക്കും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഹെൽമെറ്റും മാസ്കും ധരിച്ചാണ് ഉപദ്രവിക്കാൻ എത്തുന്നത്. പല കുട്ടികളും നാണക്കേടും ഭയവും കാരണം വീട്ടുകാരോട് പറയാറില്ല.ശൂരനാട്, കിഴക്കേ കല്ലട, ശാസ്താംകോട്ട സ്റ്റേഷൻ പരിധികളിലാണ് കഴിഞ്ഞ നാലുമാസമായി ഇയാൾ അതിക്രമം നടത്തിവരുന്നത്.
പരക്കെ പരാതി ഉയർന്നതോടെ
പല സ്ഥലങ്ങളിൽനിന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ഇയാൾ കൊല്ലം റൂറൽ ഡാൻസാഫ് സംഘത്തിന്റെ കണ്ണിൽപ്പെടുകയും കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളിലെ രൂപസാദൃശ്യം പരിശോധിച്ച് പുത്തൂരിൽനിന്ന് തന്ത്രപരമായി പിടികൂടുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ താനാണ് ഈ കുറ്റകൃത്യങ്ങൾ ചെയ്തതെന്ന് സമ്മതിച്ചു. നിലവിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ശൂരനാട് രണ്ടും കിഴക്കേ കല്ലട ഒന്നും കേസുകളാണ് ലിജോയ്ക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.








