മംഗ്‌ളൂരു: മൃഗങ്ങളും പക്ഷികളും ഉള്‍പ്പെടെ നിരവധി ജീവികളെ പെരുമ്പാമ്പ് വിഴുങ്ങാറുണ്ട്; ഭക്ഷണത്തിനായി. എന്നാല്‍ പൊതുവെ കേട്ടുകേള്‍വി ഇല്ലാത്ത ഒരു സംഭവം ഇന്നലെ (വെള്ളി) നടന്നു. തോട്ടത്തിലെത്തിയ രാജവെമ്പാല, പെരുമ്പാമ്പിനെ വിഴുങ്ങി . ബെല്‍ത്തങ്ങാടി, തെങ്കരണ്ടൂര്‍ ഗ്രാമത്തിലെ കാഡിംഗിലാണ് സംഭവം. ഹിതേഷ് എന്നയാളുടെ തോട്ടത്തില്‍ എത്തിയ കൂറ്റന്‍ രാജവെമ്പാലയാണ് സ്ഥലത്തുണ്ടായിരുന്ന 12 അടി നീളമുള്ള പെരുമ്പാമ്പിനെ വിഴുങ്ങിയത്. സംഭവം കണ്ടവര്‍ സ്‌നേക്ക് റെസ്‌ക്യൂവര്‍ ആയ അശോകിനെ വിവരമറിയിച്ചു.
അദ്ദേഹം സ്ഥലത്തേക്ക് കുതിച്ചെത്തി. പ്രാഥമിക പരിശോധനയില്‍ രണ്ട് ഇനം പാമ്പുകള്‍ക്കും മരണം സംഭവിക്കുമെന്ന് വിലയിരുത്തി. തുടര്‍ന്ന് അതിസാഹസികമായി രാജവെമ്പാലയുടെ വായില്‍ നിന്ന് പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി വനത്തിലേക്ക് വിട്ടു.








