തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂര്‍കല്ലില്‍ ഒന്നരവയസ്സുള്ള കുട്ടിയെ മാതാവ് കഴുത്തറുത്തു കൊലപ്പെടുത്തി. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിളവൂർക്കലിൽ ഒറ്റയിൽ ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ മകളായ അന്ന എന്ന ഇവാനി ആണ് മരിച്ചത്. വൈകുന്നേരം കുഞ്ഞിനെയും എടുത്ത് ക്രിസ്റ്റി മുറിയിൽ കയറി വാതിലടച്ചു. ശേഷം കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്നു മുത്തശ്ശി വാതിലില്‍ തട്ടിയപ്പോള്‍ ക്രിസ്റ്റി പുറത്തിറങ്ങി വന്ന് താന്‍ കുഞ്ഞിനെ കൊന്നുവെന്നു പറയുകയായിരുന്നു. തുടർന്ന് മുറിയിൽ നോക്കിയപ്പോഴാണ് ചോരയിൽ കുളിച്ച കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ കുഞ്ഞിനെ അടുത്തുള്ള മലയിന്‍കീഴ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. വിവരത്തെ തുടർന്ന് പൊലീസ് വീട്ടിലെത്തി. കുഞ്ഞിന്റെ മാതാവ് ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ് റിപ്പോര്‍ട്ട്. വിവാഹം കഴിഞ്ഞു മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇവര്‍ക്കു കുഞ്ഞുണ്ടായത്.
കുഞ്ഞിനെ കൊന്നശേഷം ജീവനൊടുക്കാനായിരുന്നു ശ്രമമെന്ന് ക്രിസ്റ്റി പൊലീസിനോടു പറഞ്ഞു. എന്നാൽ കുട്ടിയുടെ മാതാവിന് എന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടോയെന്ന കാര്യവും പൊലീസ് സമഗ്രമായി അന്വേഷിച്ചുവരികയാണ്.








