പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിലെ പ്രതി പൊലീസ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി പ്രോവത് ദാസ് ആണ് അറസ്റ്റിലായത്. പശ്ചിമബംഗാളിലെത്തിയ പ്രത്യേക അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അതേസമയം കൊലപ്പെടുത്തിയത് തന്റെ ഭാര്യയെയും മകളെയുമല്ല എന്നാണ് പ്രതിയുടെ ഞെട്ടിപ്പിക്കുന്ന മൊഴി. രണ്ടുമാസം മുമ്പാണ് കൊല്ലപ്പെട്ട യുവതിയെ പരിചയപ്പെട്ടതെന്ന് പ്രതി വെളിപ്പെടുത്തി. പശ്ചിമബംഗാൾ സ്വദേശികളായ പ്രണിത (25), ജോഹിത (4) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന് കൊല്ലപ്പെട്ടവരെ തിരിച്ചറിയാൻ സാധിച്ചത്.
അട്ടപ്പാടിയില്‍ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച യുവതിയെയും കുഞ്ഞിനെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. തലയിൽ വെട്ടിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും കഴുത്തിന് ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ തലയില്‍ മുറിവുകള്‍ കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം ഇരുവരുടെയും കഴുത്തറുത്ത് മാറ്റി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു ഭവാനിപ്പുഴയില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാന്‍ എത്തിയവരാണ് യുവതിയുടെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഇരുപത് ദിവസം മുമ്പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയില്‍ എത്തിയത്.








