തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് വർദ്ധിക്കും. താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂടുകൂടാന്‍ കാരണം. അതേസയമം ഇപ്പോഴത്തെത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.
ഞായറാഴ്ച സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരില്‍ രേഖപ്പെടുത്തി. 4.4 ഡിഗ്രി കൂടുതലാണിത്. കോട്ടയം 35, തൃശൂര്‍, പാലക്കാട് 34.3 എന്നിവിടങ്ങളിലും കൂടുതല്‍ ചൂട് അനുഭവപ്പെട്ടു.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ അധികൃതർ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മണി മുതൽ 3 മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.








