കയ്പമംഗലത്തെ വാഹനാപകടം; വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി ഫോറന്‍സിക്‌ റിപ്പോര്‍ട്ട്

തൃശൂര്‍: ദേശീയപാത കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ എട്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ലഹരി ഉപയോഗം അപകടത്തിന് കാരണമായതായി സൂചന. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ഫോറന്‍സിക്‌ പരിശോധനയിലാണ് വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.
മരിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ അമിത വേഗതയില്‍ സഞ്ചരിച്ചിരുന്നുവെന്നാണ് നിഗമനം. കൂടുതല്‍ പരിശോധനയ്ക്കായി രക്തസാംപിളുകള്‍ എറണാകുളം കാക്കനാട്ടെ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലേക്ക് അയച്ചു. മറ്റു രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കും. രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതുകൊണ്ടുമാത്രം അതാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് സ്ഥിരീകരിക്കാനാകില്ലെന്ന് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കര്‍ പറഞ്ഞു. അപകടത്തിലേക്ക് നയിച്ച മറ്റ് സാഹചര്യങ്ങളും വിശദമായ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
അപകടത്തിന്റെ ആഘാതത്തില്‍ എല്ലുകളും രക്തക്കുഴലുകളും വരെ പൊട്ടിയിരുന്നു. റോഡില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിറകിലാണ് കാര്‍ ഇടിച്ചുകയറിയത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page