പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയില്‍ ചാക്കുകളില്‍ കണ്ടെത്തിയ മൃതദേഹം യുവതിയുടെയും മകളുടേയുമാണെന്ന് കണ്ടെത്തി. മരിച്ചത് ഇതരസംസ്ഥാന തൊഴിലാളിയും മകളുമാണെന്നാണ് സംശയം. പ്രതിയായ ഭര്‍ത്താവ് സംസ്ഥാനം വിട്ടെന്നാണ് വിവരം. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാള്‍ തോട്ടം തൊഴിലാളിയാണ്. കോട്ടത്തറ ഭാഗത്തെ കടയില്‍നിന്നാണു പ്രതി ചാക്ക് വാങ്ങിയതെന്ന വിവരം ലഭിച്ചിട്ടുണ്ട്. ചാക്കിലെ എഴുത്തുകളില്‍ നിന്നാണ് ഇത് വ്യക്തമായത്. ഞായറാഴ്ച ഉച്ചയോടെ പശുവിനെ മേയ്ക്കാന്‍ പോയവരാണ് ചാക്ക് കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മൃതദേഹങ്ങള്‍ ഇടുപ്പിന്റെ ഭാഗത്തുവച്ച് മടക്കി കൈകാലുകള്‍ ചേര്‍ത്ത് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞശേഷമാണ് ചാക്കുകളില്‍ കയറ്റി പുഴയോരത്ത് ഉപേക്ഷിച്ചത്. ചാക്കില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. യുവതിക്ക് 30 വയസ്സും പെണ്‍കുട്ടിക്ക് 5 വയസ്സും തോന്നിക്കുന്നതായി പൊലീസ് പറഞ്ഞു. ഒരാഴ്ചയോളം പഴക്കമുള്ള രണ്ടു മൃതദേഹങ്ങളിലും അടിവസ്ത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് പ്രതി കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതി കൃത്യത്തിന് ശേഷം പശ്ചിമബംഗാളിലേക്ക് കടന്നെന്നും പൊലീസ് അറിയിച്ചു.








