മംഗ്‌ളൂരു: എന്‍ഐഎ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസുകളില്‍ പ്രതിയായി ജാമ്യത്തിലിറങ്ങി മുങ്ങിയ മലയാളി അറസ്റ്റില്‍. കൊല്ലം, കാവനാട് സ്വദേശിയും നിലവില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ താമസക്കാരനുമായ സാംപീറ്ററി(64)നെയാണ് മംഗ്‌ളൂരു ക്രൈം ബ്രാഞ്ച്, കണ്ണൂര്‍ ടൗണ്‍ പൊലീസ് പരിസരത്ത് നിന്നു അറസ്റ്റു ചെയ്തത്. എന്‍ഐ എ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞ് നികുതി വെട്ടിപ്പ്-സാമ്പത്തിക തര്‍ക്ക കേസുകളില്‍പ്പെട്ടവരെ കണ്ടെത്തി പണം തട്ടിയെടുത്തതിന് നിരവധി കേസുകളില്‍ പ്രതിയാണ് സാം പീറ്റര്‍.
2019ല്‍ മംഗ്‌ളൂരു പമ്പുവെല്ലിലെ ഒരു ലോഡ്ജില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. നിരവധി തവണ വാറന്റ് പുറപ്പെടുവിച്ചിട്ടും കണ്ടെത്താനായില്ല. വിദേശത്തേക്ക് കടന്നിരിക്കാമെന്ന സംശയത്തെ തുടര്‍ന്ന് ഇന്റര്‍പോള്‍ മുഖേന റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഒളിവില്‍ കഴിയുന്നതിനിടയില്‍ ആന്റണി, രാഹുല്‍, പീറ്റര്‍, സാം പീറ്റര്‍, രാജേഷ് റോബിന്‍സണ്‍, റിതുറിച്ചാര്‍ഡ്, റോയ് ജേക്കബ്, റോബിന്‍ റിച്ചാര്‍ഡ് റോബിന്‍സണ്‍, ആന്റണി ഫ്രാന്‍സിസ്, ഷാരൂണ്‍ ഫ്രാന്‍സിസ്, ഡാനിത് കെന്‍, തരകൻ എന്നീ പേരുകളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു








