കാസര്‍കോട്: സ്റ്റേഷനില്‍ പ്രതികളെ കാണാനെത്തിയ ബന്ധുക്കളോട് അപമര്യാദയായി പെരുമാറുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ സൈഫുദ്ദീനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ഡിഐജി കെ കാര്‍ത്തിക്ക് ആണ് നടപടി സ്വീകരിച്ചത്. എസ്‌ഐയുടെ പെരുമാറ്റം പൊതുജനങ്ങളില്‍ നിന്ന് പൊലീസിന് അവമതിപ്പുണ്ടാക്കുകയും സേനയിലെ അംഗത്തിന് നിരക്കാത്ത ഇദ്ദേഹത്തിന്റെ ഗുരുതര പ്രവൃത്തി സേനയ്ക്ക് കളങ്കമേല്‍പ്പിച്ചെന്നും ഉത്തരവ് റിപ്പോര്‍ട്ടിലുണ്ട്. പ്രാഥമികമായി അന്വേഷണം നടത്തിയശേഷമാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ മാസം 23നാണ് സംഭവം നടന്നത്. ഉജീര്‍കര എന്ന സ്ഥലത്തുവച്ച് രണ്ടുപേരെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെത്തിച്ചിരുന്നു. വിവരമറിഞ്ഞ് പ്രതികളുടെ മാതാപിതാക്കളും ഭാര്യ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളും സ്റ്റേഷനിലെത്തി. പ്രതികളെ വിട്ടയക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് ഇവരോട് തര്‍ക്കിക്കുകയും പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് വനിത പൊലീസിന്റെ സഹായത്തോടെ പ്രതികളിലൊരാളുടെ മാതാവിനെയും ഭാര്യയെയും സ്റ്റേഷന് പുറത്താക്കി. ഇത് ഒരു സ്ത്രീ മൊബൈലില്‍ ചിത്രീകരിക്കുമ്പോള്‍ എസ്‌ഐ സൈഫുദ്ദീന്‍ ഇവരുടെ കൈയില്‍ നിന്ന് ഫോണ്‍ ബലമായി പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഫോണ്‍ പിടിച്ചെടുത്തതിനൊപ്പം ഇവരോട് മോശമായി സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായും പരാതിയുണ്ട്. പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഡിഐജിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.







