ഇന്ത്യയുടെ എൺപതാമത് സ്വാതന്ത്ര്യ ദിനം അത്യാഹ്ലാദത്തോടെ ഭാരതീയർ ആഘോഷിക്കുന്നു. ന്യൂഡൽഹി ചെങ്കോട്ടയിൽ സ്വതന്ത്ര ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്ന സ്വാതന്ത്ര്യ ദിനപരേഡ് 7. 30ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്യും. സൈനിക അഭ്യാസപ്രകടനങ്ങളും കലാകായിക പ്രകടനങ്ങളും ഉണ്ടാകും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി കെഎം ഷാജിയും ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്യും.
ഹോർമുസ് കടലിടുക്കിൽ ആക്രമണം: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന അബുദാബി ദേശീയ എണ്ണക്കമ്പനിയുടെ (അദ്നോക് ) രണ്ട് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
യു.എസ് നാവികസേനയിൽ ആശങ്ക: പശ്ചിമേഷ്യയിൽ തുടരുന്ന ദീർഘകാല സൈനിക വിന്യാസത്തെ തുടർന്ന് അമേരിക്കൻ വിമാനവാഹിനിക്കപ്പലായ ‘യു.എസ്.എസ് എബ്രഹാം ലിങ്കണിലെ’ ജീവനക്കാർ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന് പകരമായി ‘യു.എസ്.എസ് ജോർജ് വാഷിങ്ടൺ’ അയക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തയും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുമായ കാരലിൻ ലെവിറ്റ് (28) സ്ഥാനമൊഴിയുന്നു. കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഈ തീരുമാനമെന്ന് അവർ വ്യക്തമാക്കി.
ഇൽഹാൻ ഒമറിന് മിന്നും വിജയം: യു.എസിലെ മിനസോട്ട ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻനിര നേതാവ് ഇൽഹാൻ ഒമർ മികച്ച വിജയം നേടി.
കടുത്ത പ്രകൃതിവാതക-ഡീസൽ ക്ഷാമം കാരണം ബംഗ്ലാദേശിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നു. വ്യാപാര സ്ഥാപനങ്ങൾ രാത്രി 8 മണിക്ക് അടയ്ക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകി. പ്രതിസന്ധി മറികടക്കാൻ ഇന്ധന സഹായത്തിനായി ബംഗ്ലാദേശ് ഇന്ത്യയോട് അഭ്യർത്ഥിച്ചു.
പാകിസ്താൻ പ്രധാനമന്ത്രിയുടെ പ്രസ്താവന: സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ജലവിതരണവുമായി ബന്ധപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശെരീഫ് പ്രസ്താവന നടത്തി.
ജപ്പാനിൽ കനത്ത മഴ: 60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയെ തുടർന്ന് ജപ്പാനിൽ വലിയ തോതിൽ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഉണ്ടായി. 8 പേർ മരണപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഒറ്റപ്പെടുകയും ചെയ്തു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. രാഷ്ട്രനിർമാണത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്ത രാഷ്ട്രപതി, വികസിത ഭാരത നിർമാണം, ചോദ്യപേപ്പർ ചോർച്ച തടയൽ, യുവാക്കളുടെ ഭാവി, കടുത്ത ഭീകരവാദ വിരുദ്ധ നിലപാടുകൾ എന്നിവയ്ക്കും ഊന്നൽ നൽകി.
സെൻസസിൽ ആദ്യമായി ജാതി വിവരങ്ങളും: വരാനിരിക്കുന്ന പുതിയ ദേശീയ ജനസംഖ്യാ സെൻസസിൽ ചരിത്രത്തിലാദ്യമായി ജാതി തിരിച്ചു വിവരങ്ങൾ ശേഖരിക്കും. കൂടാതെ കോവിഡ് വാക്സിൻ എടുത്ത സ്ഥലം ഉൾപ്പെടെ 40-ഓളം ചോദ്യങ്ങളടങ്ങിയ ചോദ്യവലിയായിരിക്കും ഇതിനായി ഉപയോഗിക്കുക.
പ്രതിരോധ രംഗത്ത് റിലയൻസും റോൾസ് റോയ്സും: ഇന്ത്യയുടെ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിനായി തദ്ദേശീയമായി പോർവിമാന എഞ്ചിനുകൾ വികസിപ്പിക്കാൻ റിലയൻസ് ഗ്രൂപ്പും ബ്രിട്ടീഷ് മുൻനിര എഞ്ചിൻ നിർമ്മാതാക്കളായ റോൾസ് റോയ്സും കൈകോർക്കുന്നു.
വിമാന ദുരന്ത അന്വേഷണവും എയർ ഇന്ത്യ നടപടിയും: ഫൂക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാന അപകടത്തിൽ, വിമാനത്തിന്റെ സർവ നിയന്ത്രണങ്ങളും നാല് സെക്കൻഡ് നേരത്തേക്ക് നഷ്ടമായെന്ന് പ്രാരംഭ റിപ്പോർട്ട് പുറത്തുവന്നു. സംഭവത്തിന് പിന്നാലെ എല്ലാ പൈലറ്റുമാർക്കും കർശനമായ ലഹരി പരിശോധന എയർ ഇന്ത്യ നിർബന്ധമാക്കി.
സവർക്കർ പരാമർശം – രാഹുൽ ഗാന്ധിക്ക് ആശ്വാസം: വി.ഡി. സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ നൽകിയിരുന്ന അപകീർത്തി കേസും കോടതി സമൻസും സുപ്രീം കോടതി റദ്ദാക്കി.
മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ന്യൂനമർദ സാന്നിധ്യം കാരണം അടുത്ത ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
ഓണം റേഷൻ ആനുകൂല്യങ്ങൾ: ഓണം പ്രമാണിച്ച് മാവേലി സ്റ്റോറുകൾ വഴിയും റേഷൻ കടകൾ വഴിയും പ്രത്യേക അരി വിതരണം ആരംഭിച്ചു.
കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരെയുള്ള പ്രതിഷേധത്തിൽ മറ്റ് സർവകലാശാല വിസിമാർ സംയുക്ത പ്രസ്താവനയിറക്കി.
കാമ്പസിൽ വിദ്യാർത്ഥി സംഘടനകളുടെ സമരവും തുടരുന്നു.
എൻഎസ്എസ് – ഗണേഷ് കുമാർ വിവാദം: കെ.ബി. ഗണേഷ് കുമാറിന്റെ ചില പരാമർശങ്ങൾക്കെതിരെ പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ രംഗത്തെത്തുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇടുക്കി നെടുംകണ്ടത്തിന് സമീപം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ ലഹരിക്ക് അടിമയായ മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലഹരി വേട്ട: കിളിമാനൂരിൽ മൊബൈൽ ഫോൺ ചാർജർ അഡാപ്റ്ററിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എം ഡി എം എ ലഹരിമരുന്നു മായി യുവാവ് പിടിയിലായി.
തേനി – എരുമേലി റെയിൽവേ: പുതിയ റെയിൽ പാതയ്ക്കായുള്ള പ്രാഥമിക ബ്രോഡ്ഗേജ് സർവേ നടപടികൾക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
കാസർകോട് ജില്ലയിൽ മഴ മുന്നറിയിപ്പ്,
യെല്ലോ അലർട്ട്: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കടലാക്രമണ ജാഗ്രത: തീരദേശ മേഖലകളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
വ്യാജ ബോംബ് ഭീഷണി: ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകി പൊലീസിനെയും യാത്രക്കാരെയും ആശങ്കയിലാഴ്ത്തിയ യുവാവിനെ പൊലീസ് പിടിയിലാക്കി.
മയക്കുമരുന്ന് വേട്ട: ഇച്ചിലംകോട് ദീനാർ നഗറിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനുമായി വീട്ടു ടമസ്ഥന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റം: ജില്ലയിൽ പോലീസ് ഇൻസ്പെക്ടർമാരുടെ പുതിയ സ്ഥലം മാറ്റ പട്ടിക പുറത്തിറങ്ങി. മെൽബിൻ ജോസ് കാസർകോട്ടും, പി. അജിത്ത് കുമാർ മഞ്ചേശ്വരത്തും, കെ.പി. ഷൈൻ ഹൊസ്ദുർഗിലും ചുമതലയേൽക്കും.
കൃഷിയോടുള്ള മികച്ച താല്പര്യം മുൻനിർത്തി പിലിക്കോട് ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടി കർഷകർക്കുള്ള വിദ്യാർത്ഥി പുരസ്കാരം എട്ടാം ക്ലാസ് വിദ്യാർത്ഥിനി പാർവതി സി. എ അർഹയായി.
കാസർകോട്-മംഗളൂരു റൂട്ടിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ ബസ് സർവീസുകളും അമൃത് ഭാരത് എക്സ്പ്രസ് പോലെയുള്ള പുതിയ ട്രെയിൻ സർവീസുകളിലെ സ്റ്റോപ്പുകളും സംബന്ധിച്ച ചർച്ചകൾ നടന്നു വരുന്നു.
മംഗളൂരു സവിൻ്റീൻ, ബണ്ട്വാൾ, ഉള്ളാൾ ഭാഗങ്ങളിൽ ലഹരിമരുന്ന് വില്പന നടത്തുന്ന സംഘങ്ങളെ ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടുകയും ലക്ഷക്കണക്കിന് രൂപയുടെ എം ഡി എം എ പിടിച്ചെടുക്കുകയും ചെയ്തു.
വ്യാജ തിരിച്ചറിയൽ രേഖ കേസ്: വ്യാജ രേഖകൾ നിർമ്മിച്ച് ജോലി ചെയ്തു വരികയായിരുന്ന വിദേശ പൗരന്മാരെ സുരത്കൽ പൊലീസിന്റെ നേതൃത്വത്തിൽ പിടികൂടി കേസ് രജിസ്റ്റർ ചെയ്തു.
കാലാവസ്ഥാ മുന്നറിയിപ്പ്തീരദേശ ജാഗ്രത: കർണാടക-കേരള തീരപ്രദേശങ്ങളിലും അറബിക്കടലിലും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മംഗളൂരു അടക്കമുള്ള തീരദേശ മേഖലകളിൽ മീൻപിടുത്തക്കാർക്കും തീരവാസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.








