ചെന്നൈ: വിദ്യാർഥിനികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി. കളക്ടർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം ഒന്നിന് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ആണ് സംഭവം. പരീക്ഷകൾക്കായുള്ള പ്രത്യേക പരിശീലന ക്ലാസുകൾക്ക് ശേഷമാണ് ഈ സംഭവം നടന്നതെന്നാണ് വിവരം. ശനിയാഴ്ച നടന്ന പ്രത്യേക ക്ലാസിന് ശേഷം വിദ്യാർഥികൾ വീട്ടിൽ പോവാതെ ക്ലാസ് മുറിയിലിരുന്ന് മദ്യപിക്കുകയായിരുന്നു. വിദ്യാർഥിനികൾ മദ്യപിക്കുന്നത് വീഡിയോയിൽ കാണാം. മദ്യത്തെക്കുറിച്ചു വിദ്യാർഥികൾ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റൊരു വിദ്യാർഥി എടുത്ത വീഡിയോ ആരോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. വിവാദമായതോടെ സ്കൂളിലെ പ്രിൻസിപ്പലായ പ്രമീള ഇവാഞ്ചലിനെ നാഗർകോവിലിലെ വടശേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റി. കുട്ടികൾക്ക് എങ്ങനെ മദ്യം ലഭിച്ചു, അധ്യാപകരുടെയോ സ്കൂൾ അധികൃതരുടെയോ ഭാഗത്തുനിന്ന് മേൽനോട്ടത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വീഡിയോയുടെ സത്യാവസ്ഥ നിർണ്ണയിക്കാനും സംഭവത്തിന്റെ ഉത്തരവാദിത്തം കണ്ടെത്താനും ഈ അന്വേഷണത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.








