ലക്നൗ: സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂര തകർന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. നൈസാം എന്ന എട്ടു വയസ്സുകാരനാണ് മരിച്ചത്. സെയ്ഫ് അലി (11), ഷൈദാന (10) എന്നീ രണ്ട് കുട്ടികൾക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലുള്ള മടല ഫത്തെപൂരിലെ ഹസ്‌നൈൻ പബ്ലിക് സ്കൂളിൽ ആണ് ദാരുണ സംഭവം. പത്തുമണിയോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കാണുന്നതിനായി സമീപവാസികളായ കുട്ടികൾ സ്കൂളിലെ പ്രധാന കവാടത്തിന് മുകളിലുള്ള ബാൽക്കണിയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കുട്ടികളുടെ ഭാരം താങ്ങാനാവാതെ ഈ കോൺക്രീറ്റ് ഭീമടക്കമുള്ളവ തകർന്നു വീഴുകയായിരുന്നു. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കടിയിൽ കുട്ടികൾ കുടുങ്ങി. ഒരു കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് ജില്ലാ മജിസ്‌ട്രേറ്റ്, സൂപ്രണ്ട് ഓഫ് പൊലീസ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, സർക്കിൾ ഓഫിസർ, തഹസിൽദാർ എന്നിവർ സംഭവസ്ഥലത്ത് എത്തി. പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് അവശിഷ്ടങ്ങൾ മാറ്റാനുള്ള അടിയന്തര രക്ഷാപ്രവർത്തനം നടന്നത്. അപകടസമയത്ത് സ്കൂൾ പരിസരത്തും സമീപത്തെ റോഡിലും ആളുകളുടെയും വാഹനങ്ങളുടെയും വലിയ തിരക്കുണ്ടായിരുന്നതായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ചയോ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. കെട്ടിടത്തിന്റെ നിർമാണത്തിലുണ്ടായ വീഴ്ചയാണ് മേൽക്കൂര തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.








