ന്യൂഡല്‍ഹി: ഇന്ത്യയുടെ ലക്ഷ്യം സപ്തധാര വികസനമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനാഘോഷത്തെ അഭിവാദ്യം ചെയ്തുകൊണ്ടു ചുവപ്പു കോട്ടയില്‍ പറഞ്ഞു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കൃഷി, സാങ്കേതിക വിദ്യ, ഗതിശക്തി, രക്ഷാശക്തി, ഹരിത ഊര്‍ജ്ജം, സോഫ്ട് പവര്‍ എന്നിവയാണ് സപ്തധാരയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2047ല്‍ ഇന്ത്യയെ വികസിതരാജ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഭാവി വളര്‍ച്ചയുടെ എന്‍ജിനാണ് നിര്‍മ്മാണ മേഖല. ആഗോള വിതരണ ശൃംഖലയുടെ കേന്ദ്ര ബിന്ദുവായി ഇന്ത്യ മാറണം. വ്യവസായ മേഖല ചെലവ്, ഗുണനിലവാരം, അളവ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആഗോള വേദിയില്‍ മത്സരക്ഷമതയുള്ളവരാകാന്‍ ഇന്ത്യക്കാര്‍ക്കു കഴിയണം-പ്രധാനമന്ത്രി പറഞ്ഞു.
സപ്തധാരയുടെ രണ്ടാമത്തെ ധാര കൃഷിയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോക വിപണി നമ്മുടെ കര്‍ഷകര്‍ക്കായി തുറന്നിരിക്കുന്നു. നമ്മള്‍ അവിടെ എത്തണം. കൃഷിയിടത്തില്‍ നിന്നു കയറ്റുമതി വിപണിയിലേക്കു നാം പോകണം.
സാങ്കേതിക വിദ്യയും അതിന്റെ നവീകരണവുമാണ് സപ്തധാരയുടെ മൂന്നാമത്തെ മേഖല. ഡേറ്റ സെന്ററുകളുടെയും റോബോട്ടിക്‌സിന്റെയും ഉയര്‍ന്നു വരുന്ന സാങ്കേതിക വിദ്യകളുടെയും യുഗമാണിത്. ഈ സാങ്കേതിക വിദ്യകളുടെ കേന്ദ്രമായി ഇന്ത്യ മാറണം. മേഡ് ഇന്‍ ഇന്ത്യ 6- ജി രാജ്യത്തുടനീളം എത്തിച്ചേരാന്‍ നാം ലക്ഷ്യമാക്കണം- അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യ വ്യാപകമായി ജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരണം. ബിസിനസുകളെ ഉത്തേജിപ്പിക്കാനും ഇതനിവാര്യമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ നഗരങ്ങളെ അതിവേഗതയില്‍ വഴി ബന്ധിപ്പിക്കണം. തുറമുഖ നവീകരണം ഉണ്ടാക്കിത്തരുന്ന വികസനത്തിലും ശ്രദ്ധിക്കണം.
പ്രതിരോധ നിര്‍മ്മാണത്തിനും ആത്മ നിര്‍ഭര പ്രതിരോധത്തിനും വേണ്ടി ഇന്ത്യ പ്രവര്‍ത്തിക്കണം. ഡ്രോണ്‍, കൗണ്ടര്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ഇന്ത്യയില്‍ മുന്നേറ്റുണ്ടാക്കണം.
സപ്തധാരയുടെ ആറാമത്തെ പ്രവാഹം ഹരിത ഊര്‍ജ്ജമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഹരിത ഹൈഡ്രജന്‍, പുനരുപയോഗ ഊര്‍ജ്ജം, ഊര്‍ജ്ജ സംഭരണം എന്നിവയില്‍ ഇന്ത്യ ആഗോള നേതൃത്വം നേടണം. മത്സ്യബന്ധനം, തീരദേശ ടൂറിസം, സമുദ്ര സാങ്കേതിക വിദ്യ എന്നിവ ഇന്ത്യയുടെ വളര്‍ച്ചക്കു പുതിയ വഴി തുറക്കും- പ്രധാമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സോഫ്ട് പവര്‍ ആണ് ഏഴാമത്തെ സപ്തധാരയെന്നു പ്രധാന മന്ത്രി പറഞ്ഞു. യോഗ, കരകൗശല വസ്തുക്കള്‍, സിനിമകള്‍, ആനിമേഷന്‍, ഗെയിമിംഗ്, ഡിജിറ്റല്‍ ഉള്ളടക്കം, സര്‍ഗാത്മക ലോകം എന്നിവ രാജ്യത്തിന്റെ സോഫ്ട് പവറുകളാണ്- പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
ആഗോള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഇന്ത്യയുടെ കഴിവു ലോകത്തിനു മുന്നില്‍ എത്തിക്കണം- അദ്ദേഹം പറഞ്ഞു.








