കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചു കൊന്നു; പൊലീസുകാരെ ആക്രമിച്ച് ബൈക്കില്‍ രക്ഷപ്പെട്ട അക്രമിയെ വെടിവച്ചിട്ട് പിടികൂടി

മംഗ്ളൂരു: പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവും ഉഡുപ്പി, മുദിയങ്ങാടി മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ ഡേവിഡ് ഡാലിയ എന്ന ഡേവിസ് ഡിസൂസ വെടിയേറ്റു മരിച്ചു. ഇന്നലെ (വെള്ളി) വൈകുന്നേരത്തോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മുദിരങ്ങാടി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ചിനു മുന്നില്‍ വച്ചാണ് ഡേവിസിനു നേരെ വെടിയുതിര്‍ത്തത്.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഷിര്‍വ, പടുബിദ്രി സ്റ്റേഷനുകളില്‍ നിന്ന് പൊലീസ് സംഘം സ്ഥലത്തേയ്ക്ക് കുതിച്ചെത്തി. സിസി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കൊലയാളികള്‍ ബൈക്കില്‍ രക്ഷപ്പെട്ടതായി കണ്ടെത്തി. കൊലയാളികളില്‍ ഒരാള്‍ രാജു എന്ന ആളാണെന്നും തിരിച്ചറിഞ്ഞു. പൊലീസ് അക്രമി സഞ്ചരിച്ചിരുന്ന ബൈക്കിനെ പിന്‍തുടര്‍ന്നു. ബൈന്ദൂരിലെത്തിയപ്പോള്‍ ബൈക്കു നിര്‍ത്തിയ രാജു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്‍തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരായ തേജസ്വി, പ്രസന്ന എന്നിവരെ പ്രതി അക്രമിക്കുകയും തള്ളിയിട്ടു ഓടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കാല്‍മുട്ടിനു താഴെ വെടിവച്ചിട്ട് രാജുവിനെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വളരെ അടുത്തു നിന്നാണ് വെടിയുതിര്‍ത്തതെന്നും സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നും സംശയിക്കുന്നതായി സംഭവസ്ഥലം സന്ദര്‍ശിച്ച പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കര്‍ പറഞ്ഞു. അക്രമി സംഘത്തിലെ രണ്ടാമനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page