തൊടുപുഴ: ബിഹാറില്‍ അധ്യാപകനായി ജോലി ചെയ്യുന്ന യുവാവ് നാട്ടില്‍ കഞ്ചാവ് വില്‍പനക്കിടെ പിടികൂടി. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയ പിതാവും മകനുമടക്കം ആറുപേര്‍ എക്സൈസിന്റെ പിടിയിലായി. ഇടുക്കി രാജാക്കാട് സ്വദേശി കടുവാകുഴിയില്‍ റോബിന്‍ റെജിയെയാണ് 30 ഗ്രാം കഞ്ചാവുമായി നെടുംകണ്ടം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിയ രാജാക്കാട് മുക്കുടി സ്വദേശി പുത്തന്‍പറമ്പില്‍ ബിജു, മകന്‍ അലന്‍ എന്നിവരെ 25 ഗ്രാം കഞ്ചാവുമായി രാജാക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് എക്സൈസ് പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ബിഹാറില്‍ നിന്നും കഞ്ചാവ് എത്തിച്ചു നല്‍കിയ റോബിന്‍ റെജിയെക്കുറിച്ച് വിവര ലഭിക്കുന്നത്. ബിഹാറില്‍ അധ്യാപകനാണ് ഇയാള്‍. രണ്ടുമാസത്തെ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. അവിടെനിന്ന് എത്തിച്ച കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം എക്സൈസ് അന്വേഷിച്ചു വരികയാണ്.








