മുംബൈ: ഇന്ത്യൻ സിനിമയിലെ പ്രശസ്ത വില്ലൻ നടൻ പ്രദീപ് സിംഗ് റാവത്ത് (74) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യമെന്ന് നടി വിപന ഥാപ്പയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഗജിനി, ലഗാൻ, സർഫറോഷ് തുടങ്ങിയ വമ്പൻ ഹിറ്റ് ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച നടനാണ് അദ്ദേഹം. ബിആർ ചോപ്രയുടെ മഹാഭാരതം പരമ്പരയിൽ അശ്വത്ഥാമാവായി അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം അഭിനയരംഗത്ത് ശ്രദ്ധേയനാകുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, നേപ്പാളി ചിത്രങ്ങളിലായി ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അദ്ദേഹം സ്ക്രീനിൽ സമ്മാനിച്ചിട്ടുണ്ട്.
തന്റെ കരുത്തുറ്റ വില്ലൻ വേഷങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമാ പ്രേക്ഷകരെയും ബോളിവുഡിനെയും ഒരുപോലെ വിറപ്പിച്ച ആ മികച്ച കലാകാരന്റെ വേർപാടിൽ സിനിമാ ലോകവും ആരാധകരും ആദരാഞ്ജലികൾ അർപ്പിച്ചു. 2005-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഗജിനിയിലെ ക്രൂരനായ വില്ലൻ കഥാപാത്രമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടതിനെ തുടർന്ന് 2008-ൽ ആമിർ ഖാൻ നായകനായ ഹിന്ദി റീമേക്കിലും അതേ വേഷം അദ്ദേഹം വീണ്ടും അവതരിപ്പിച്ചു. അതിന് മുമ്പ് 2001-ൽ പുറത്തിറങ്ങിയ ‘ലഗാൻ’ എന്ന ചിത്രത്തിലും ആമിർ ഖാനോടൊപ്പം അഭിനയിച്ചു. മോഹൻലാൽ നായകനായി 2011-ൽ പുറത്തിറങ്ങിയ ചൈനാടൗൺ, ഇത് പാതിരാമണൽ, കസിൻസ്, ഒരു കടത്തനാടൻ കഥ എന്നിവയാണ് അദ്ദേഹം വേഷമിട്ട മലയാള ചിത്രങ്ങൾ. തെലുങ്ക് ചിത്രമായ ‘ഗായപദ്ദ സിംഹം’ ആണ് പ്രദീപ് റാവത്തിന്റെ അവസാന ചിത്രം.
കല്യാണി റാവത്താണ് ഭാര്യ. വിക്രം റാവത്ത്, സിങ് റാവത്ത് എന്നിവർ മക്കളാണ്.








