മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന്റെ പേരിൽ മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്തു. മംഗളൂരുവിലെ ശ്രീനിവാസ കോളേജിലാണ് വിദ്യാർത്ഥികൾക്കുനേരെ അക്രമം നടന്നത്. ഒന്നാം വർഷ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നിവരാണ് റാഗിങ്ങിനിരയായത്. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജ്ജാരകെരേയിലുള്ള ചായക്കടയ്‌ക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. മർദിച്ചതും മലയാളി വിദ്യാർത്ഥികളാണെന്നാണ് ലഭ്യമാകുന്ന വിവരം. പരാതിയിൽ പാണ്ഡേശ്വർ പൊലീസ് കേസെടുത്തു. പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു. റാഗിങ് വകുപ്പിലെ നിയമങ്ങൾ ചുമത്തിയാണ് ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. രണ്ടാം വർഷ വിദ്യാർത്ഥികളായ 6 പേർക്കെതിരെയാണ് കേസെടുത്തത്.







