കാസര്‍കോട്: ഓരോ കടയിലും ഓരോ സാധനങ്ങള്‍ക്കും വ്യത്യസ്ത വിലകളെന്നു പരാതി. ഇതിനെതിരെ പ്രതികരിക്കുന്നതിനായി പെരിയയിലെ ഉപഭോക്താക്കള്‍ ഉപഭോക്തൃ സമിതി രൂപീകരിക്കുന്നു. കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ ടി. രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് സമിതി ഉണ്ടാക്കുന്നത്. രൂപീകരണ യോഗം ആഗസ്ത് 9ന് (ഞായര്‍) രാവിലെ 10 മണിക്ക് പെരിയ ഗാന്ധി സ്മാരക വായനശാലയില്‍ നടക്കും.
അവശ്യ സാധനങ്ങളുടെ വില അനുദിനം വര്‍ധിച്ചുവരുന്ന സന്ദര്‍ഭത്തില്‍ ഒരേ സാധനത്തിനു ഓരോ കടകളിലും വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നു ടി. രാമകൃഷ്ണന്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില ഏകീകരിക്കുകയും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുകയും വേണം. മത്സ്യമാംസാദികള്‍ക്കും ഏകീകരിച്ച വില ഈടാക്കണം. കച്ചവടക്കാരുടെ തന്നിഷ്ടം പോലെ വില ഈടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ പ്രതിഷേധിക്കാനും പ്രതികരിക്കാനും ഉപഭോക്താക്കള്‍ക്ക് ഒരു സംഘടന വേണമെന്നും സമിതി രൂപീകരണ യോഗത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും ഇത് സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പില്‍ അഭ്യര്‍ത്ഥിച്ചു.







