കാസർകോട് : സംസ്ഥാനം ഓണാഘോഷത്തിന് ഒരുങ്ങിക്കൊണ്ടിരിക്കെ പച്ചത്തേങ്ങ യ്ക്ക് വില കൂടി തുടങ്ങി. നാളികേര കർഷകർക്കിതു നേരിയ ആശ്വാസമായിട്ടുണ്ട് .
കേരഫെഡ് കഴിഞ്ഞാഴ്ച ഒരു കിലോ പച്ചത്തേങ്ങയ്ക്ക് 51 രൂപയ്ക്ക് സംഭരിച്ചിരുന്നു. അതേസമയം ഈയാഴ്ച വില 59 രൂപയായി ഉയർന്നു.പൊതു വിപണിയിലാകട്ടെ 55 രൂപയാണ് വില.ഒരാഴ്ച കൊണ്ട് കേരഫെഡ് 8 രൂപ കൂട്ടിയപ്പോൾ പൊതുവിപണിയിൽ അഞ്ച് രൂപ കൂടി.നേരത്തെ ഇത് വില ഇടിഞ്ഞു 35 മുതൽ 40 രൂപ വരെ എത്തിയിരുന്നതാണ്. ഓണം അടക്കുന്നതോടെ വില ഇനിയും കൂടുമെന്ന് വ്യാപാരികൾ പറയുന്നു.

അതേസമയം മഴക്കാലമായതിനാൽ തേങ്ങ ഉൽപാദനം ഏറെ കുറയുന്നതായി കർഷകർ പറയുന്നു . ഉള്ളതാകട്ടെ കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു.വില കൂടുമ്പോഴൊക്കെ ഇതുതന്നെയാണ് നാളികേര കർഷകരുടെ അവസ്ഥയെന്ന് കർഷകർ സങ്കടത്തോടെ പറയുന്നുണ്ട്.
ഓണക്കാലത്ത് വെളിച്ചെണ്ണയുടെ ആവശ്യം കൂടുന്നതാണ് പച്ചത്തേങ്ങ വില വർദ്ധനയ്ക്ക് പ്രധാന കാരണം .തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുറയുന്നതും ഇവിടെ പച്ച തേങ്ങ വില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് വില കിലോക്കു 78 രൂപ വരെ എത്തിയെങ്കിലും ആവശ്യത്തിന് തേങ്ങ ലഭിച്ചിരുന്നില്ല. തമിഴ്നാട്ടിൽനിന്നുള്ള കൊപ്ര വ്യാപാരികളാണ് ഇതിൽ നേട്ടമുണ്ടാക്കിയത്. ഓണ സീസനിൽ കേരളത്തിൽ നാളികേര വില ഉയരുമെന്ന് കണ്ട് തമിഴ്നാട് മൊത്ത വിതരണ കച്ചവടക്കാർ കൊപ്ര പൂഴ്ത്തിവെക്കുന്നതും പതിവാണ്. ഇപ്രാവശ്യവും വില കൂടാൻ കാരണമായത് ഇതുതന്നെയാണെന്ന് കേരളത്തിലെ വ്യാപാരികൾ സംശയിക്കുന്നു.








