കൂത്തുപറമ്പ്: വീട്ടുപറമ്പില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തിയ മൂന്നംഗസംഘം അറസ്റ്റിൽ . മാങ്ങാട്ടിടം , കുളത്തിന്റവിട ചങ്ങന്‍ ഹൗസില്‍ രജീഷ് (50), നിര്‍മ്മലഗിരി തൈപ്പറമ്പ് ഹൗസില്‍ റഫീഖ് (49), മാനന്തവാടി, പേരിയ അരിപ്രം ഹൗസില്‍ ഷഹീര്‍ (48) എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ബിജു ആന്റണിയും സംഘവും പിടികൂടിയത്.
ഇന്നലെ (തിങ്കൾ പുലര്‍ച്ചെ ഒരു മണിയോടെ കണ്ടംകുന്ന് കൈതേരി കപ്പണയിലെ അമ്പിളിയുടെ വീട്ടുപറമ്പില്‍ നിന്നാണ് ചന്ദനമരം മുറിച്ചുകടത്തിയത്. മരം മുറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ രജീഷിനെ തടഞ്ഞുവച്ച് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി രജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് സ്ഥലത്ത് നിന്ന് ചന്ദനമരവുമായി കടന്നുകളഞ്ഞ മറ്റ് രണ്ടുപേരെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് അവരെയും പിടികൂടുകയായിരുന്നു. 15,000 രൂപ വിലമതിക്കുന്ന ചന്ദനമരമാണ് മുറിച്ചത്. രജീഷ് ഓട്ടോറിക്ഷാഡ്രൈവറാണ്. ഇയാളുടെ ഓട്ടോറിക്ഷയിലായിരുന്നു പ്രതികളെത്തിയത്. ഓട്ടോറിക്ഷയും അകത്തുണ്ടായിരുന്ന കൊടുവാളും കസ്റ്റഡിയിലെടുത്തു. എസ്.ഐമാരായ ലതീഷ്, രതീഷ്, സി.പി.ഒ: ഷമില്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.








