കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭ ഭീഷണി; കാര്യങ്കോട് പുഴയില്‍ അപകട മുന്നറിയിപ്പ്

 കാസർകോട് : ഇന്നലെ കടൽ ക്ഷോഭം രൂക്ഷമായിരുന്ന കുമ്പള കോയിപ്പാടി, കവുഗോളി ,പള്ളിക്കര, ബേക്കല്‍ തീരങ്ങളില്‍ കടല്‍ക്ഷോഭത്തിനു നേരിയ ശമനമുണ്ടായെങ്കിലും തീരപ്രദേശങ്ങളിൽ ആശങ്ക നിലനിൽക്കുന്നു.കുമ്പള കോയിപ്പാടി കടപ്പുറത്തു കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് നാല് കുടുബങ്ങളിലെ 22 പേരെ കുമ്പള സുനാമി ഷെല്‍ട്ടറിലേക്ക് മാറ്റി പാര്‍പ്പിച്ചെന്നു മഞ്ചേശ്വരം താഹ്സില്‍ദാര്‍ എല്‍.കെ സുബൈര്‍ അറിയിച്ചു.
ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി വായിക്കാനത്തും മാലോത്ത് കാറ്റാം കവല ഉന്നതിയിക്ക് സമീപവും ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വായിക്കാനത്തെ ആറ് കുടുംബങ്ങളെ പാലാവയല്‍ വില്ലേജിലെ തയ്യേനി ഗവ: ഹൈസ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചിറ്റാരിക്കാല്‍ വില്ലേജില്‍ കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കൊല്ലാടയിലെ നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി വെള്ളരിക്കുണ്ട് താസിൽദാര്‍ ബി.രാമു അറിയിച്ചു. ഉരുള്‍ പൊട്ടല്‍ ഉണ്ടായ വായിക്കാനത്ത് തൃക്കരിപ്പൂർ എം എൽ എ സന്ദീപ് വാര്യർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യൻ , ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം
സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ജനപ്രതിനിധികള്‍, പഞ്ചായത്ത് അധികൃതര്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍ ജാഗ്രതപുലർത്തുന്നു .
.
കാര്യങ്കോട് പുഴയില്‍ ഭീമനടി റിവര്‍ ഗേജില്‍ പയ്യന്നൂര്‍ ഹൈഡ്രോളജി സെക്ഷന്‍ അപകട മുന്നറിയിപ്പ് നല്‍കി. ഭീമനടിയില്‍ പുഴയുടെ വശങ്ങളിലായി താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെള്ളരിക്കുണ്ട് തഹ്സില്‍ദാര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page