ജില്ലാ കളക്ടറും എം.എല്‍.എയും ജന്മ കടപ്പുറവും പള്ളിക്കര ബീച്ചും സന്ദർശിച്ചു


 കാസർകോട് : കടല്‍ക്ഷോഭവും കടലാക്രമണ ഭീഷണിയും നേരിടുന്ന ഉദുമയിലെ ജന്മ കടപ്പുറവും പള്ളിക്കര ബീച്ചും കെ.നീലകണ്ഠന്‍ എം.എല്‍.എയും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ മേഖലയില്‍ കടലാക്രമണം നേരിടാന്‍ ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് പഠനം നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കടല്‍ക്ഷോഭം ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ നേരിടാന്‍ ജില്ല സജ്ജമാണെന്നും റവന്യൂ- ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ഉള്‍പ്പെടെയുളള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലവർഷക്കെടുതികളെക്കുറിച്ചു പ്രദേശവാസികളുമായി എം.എല്‍.എയും ജില്ലാ കളക്ടറും സംസാരിച്ചു. സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു.

കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍  കടലിനോട് ചേര്‍ന്ന വീടുകളില്‍ ഒരിക്കലും താമസിക്കരുതെന്നും എം.എല്‍.എയും ജില്ലാ കളക്ടറും പ്രദേശവാസികളെ അറിയിച്ചു. ചെല്ലാനം മാതൃകയില്‍ ടെട്രോ പോടുകള്‍ നിര്‍മ്മിക്കണമെന്നും ജിയോ ബാഗുകള്‍ ഫലപ്രദമല്ലെന്നും പ്രദേശവാസികള്‍ കളക്ടറെ അറിയിച്ചു. പള്ളിക്കര ബീച്ചില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ വീട്ടില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

ഉദുമ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള, വാര്‍ഡ് മെമ്പര്‍മാരായ ചന്ദ്രന്‍ നാലാം വാതുക്കല്‍, സി കെ വേണു, ഷിയാസ്, കരീം നാലാം വാതുക്കല്‍, മൈമൂന, ശംഭു ഉദുമ ഹംസ ദേളി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുകുമാരി, പഞ്ചായത്ത് സെക്രട്ടറി ആദിത്യന്‍, തഹസില്‍ദാര്‍ കെ.രമേശന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ മാരായ പി.വി തുളസീരാജ്, കെ.വി ബിജു, ആര്‍.ഡി.ഒ സുദീപ് കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഷൈനി, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജേഷ്, ഇറിഗേഷന്‍ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ എം എൽ എ യെയും കലക്ടറേയും അനുഗമിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page