പത്തനംതിട്ട: തെക്കന്‍ ജില്ലകളില്‍ അതിശക്തമായി തുടരുന്ന മഴയിലും ഉരുള്‍പൊട്ടലിലും 3പേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. അടൂര്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രവിയുടെ ഭാര്യ സുമതിയാണ് മരിച്ചത്. പയ്യാനിത്തോടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ജോസഫ് എന്നയാള്‍ മരിച്ചു. ഭാര്യ റജിനക്കുവേണ്ടി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.
കോലാഹല മേട്ടില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു. മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. പമ്പയില്‍ ജലനിരപ്പുയര്‍ന്നു. പമ്പയാറിന്റെ തീരത്തോടടുത്ത റാന്നി വെള്ളത്തില്‍ ഒറ്റപ്പെട്ടു. റോഡുകളിലും കടകളിലും വെള്ളം കയറി.

സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
പെരിയാര്‍ അയ്യന്‍ കോവില്‍ ചപ്പാത്തില്‍ നദി കരകവിഞ്ഞു. വീടുകളും കടകളും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്നു. പമ്പയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് റാന്നി-വടശ്ശേരിക്കര റോഡിലും വെള്ളം കയറി. റാന്നിയിലേക്ക് ഡിങ്കി ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പമ്പയാറില്‍ വെള്ളം കയറിയത് മൂലം തീരദേശത്തെ പുനലൂര്‍-മൂവാറ്റുപുഴ ദേശീയ പാതയും കോയമ്പത്തൂര്‍ റോഡും ഗതാഗത പ്രതിസന്ധി നേരിടുന്നു. മിക്ക പ്രദേശങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
മഴക്കൊപ്പം കടലാക്രമണവും അനുഭവപ്പെടുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാവുന്നുണ്ട്.










