കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലെറിഞ്ഞ യുവാവ് പിടിയില്‍. കണ്ണൂര്‍ ,കടലായി സ്വദേശി സിപി. ലിനീഷി (36)നെയാണ് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ജെ. വര്‍ഗീസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
21ന് വൈകുന്നേരം 3.30ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനും സൗത്ത് റെയില്‍വെ സ്റ്റേഷനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്.
കല്ലേറില്‍ മുന്‍ഭാഗത്തെ കോച്ചിന്റെ ഗ്ലാസ് തകര്‍ന്നിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ അക്രമിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ റെയില്‍വെ ട്രാക്കിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലിരുന്ന് മദ്യപിച്ചവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് കല്ലെറിഞ്ഞയാളെ കുറിച്ചുള്ള വിവരം ലഭിച്ചത്. മദ്യപാനത്തിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ പ്രകോപിതനായി പുറത്തിറങ്ങിയ ലിനീഷ് പുറത്തേക്ക് പോയി ട്രെയിനിനു കല്ലെറിയുകയായിരുന്നുവെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തലശ്ശേരി സിജെഎം കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.








