എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; എംകെ താഹിറ വിട വാങ്ങിയത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍

കാസര്‍കോട്: എലിവിഷം കഴിച്ച് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാഞ്ഞങ്ങാട്, പടന്നക്കാട്, സിയാറത്തിങ്കര ഹെല്‍ത്ത് സെന്ററിനു സമീപത്തെ എംകെ അബ്ദുല്‍ റഹ്‌മാന്റെ മകള്‍ എംകെ താഹിറ (35)യാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ (വ്യാഴം) രാത്രിയിലായിരുന്നു അന്ത്യം.
ജുലായ് 28ന് ഉച്ചക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താഹിറയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍ പരിശോധിക്കുന്നതിനിടയില്‍ താന്‍ എലിവിഷം കഴിച്ചതായി യുവതി വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടയില്‍ യുവതിയുടെ നില ഗുരുതരമാവുകയും അവിടെ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.

അതേ സമയം മറ്റൊരു സംഭവത്തില്‍ ഇന്നലെ (വ്യാഴം) വെള്ളരിക്കുണ്ട് നാട്ടാങ്കല്ലിലെ ദീപ (22) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഭര്‍തൃവീട്ടില്‍ വച്ച് എലിവിഷം കഴിച്ച യുവതിയെ ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.
സമീപകാലത്തായി എലിവിഷം കഴിച്ച് ജീവനൊടുക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. എലിവിഷം ലഭ്യമാകുന്നതിന് യാതൊരുതരത്തിലുമുള്ള നിയന്ത്രണവും ഇല്ലാത്തതാണ് ഇതിനു കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page