കൊച്ചി: കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാതെ 8 മാസമായി നടത്തിച്ച തൊടുപുഴ മുൻസിപ്പാലിറ്റിയിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. എറണാകുളം കറുകുറ്റി സ്വദേശിയായ ജോസ് എം.പി ആണ് അറസ്റ്റിലായത്. തൊടുപുഴ നഗരസഭാ സെക്രട്ടറി ഇൻ ചാർജ് കൂടിയായ ഇയാൾ നഗരത്തിലെ ഹോട്ടലിൽ വെച്ച് കൈക്കൂലിയുടെ ആദ്യ ഗഡു വാങ്ങുന്നതിനിടെയാണ് പിടിയിലായത്. രണ്ട് ലക്ഷം രൂപയാണ് കൈക്കൂലിയായി ഇയാൾ ആവശ്യപ്പെട്ടത്. പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി തൊടുപുഴ സ്വദേശിയായ പരാതിക്കാരൻ 2025 ഒക്ടോബറിൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, അപേക്ഷയിൽ നടപടിയെടുക്കാതെ ഒരു മാസത്തോളം ഫയൽ വൈകിപ്പിച്ച ഉദ്യോഗസ്ഥൻ, സർട്ടിഫിക്കറ്റിനായി 1.5 ലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബിൽഡിംഗ് എഞ്ചിനീയർ മുഖേന സംസാരിച്ചതിനെ തുടർന്ന് ഫയൽ താൽക്കാലികമായി അപ്രൂവ് ചെയ്തു നൽകി.
എന്നാൽ, കഴിഞ്ഞ മേയ് മാസത്തിൽ പരാതിക്കാരനെ വീണ്ടും ഓഫീസിലേക്ക് വിളിച്ചു വരുത്തി കെട്ടിടത്തിലെ ഇരുമ്പ് ഗോവണി അനുമതിയില്ലാതെ നിർമ്മിച്ചതാണെന്നും അതിനാൽ അനുവദിച്ച നമ്പറുകൾ ക്യാൻസൽ ചെയ്യുമെന്നും ജോസ് ഭീഷണിപ്പെടുത്തി. ഇത് ഒഴിവാക്കണമെങ്കിൽ 2 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. തുക കുറയ്ക്കാനായി ആവശ്യപ്പെട്ടെങ്കിലും 2 ലക്ഷം രൂപയിൽ കുറഞ്ഞ ഒത്തുതീർപ്പിന് ഉദ്യോഗസ്ഥൻ സമ്മതിച്ചില്ല. ഇതിൽ ആദ്യ ഗഡുവായി 75,000 രൂപ ഉടൻ നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ പരാതിക്കാരൻ വിവരം ഇടുക്കി വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദ്ദേശപ്രകാരം അവർ നൽകിയ പണം പരാതിക്കാരൻ കൈമാറുമ്പോഴാണ് ഉദ്യോഗസ്ഥൻ പിടിയിലായത്.








