കൃഷ്ണന് മഹമൂദിന്റെ ഖബറിടത്തില്‍ പോകാതിരിക്കാനാവുന്നില്ല: നാട്ടുകാര്‍ക്ക് ഇതു നൊമ്പര കാഴ്ച

മൊഗ്രാല്‍: മനുഷ്യന്‍ ഒരു സാമൂഹിക ജീവി എന്ന നിലക്ക് നല്ല സൗഹൃദ ബന്ധങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അത് ജീവിതത്തില്‍ സന്തോഷവും, ആനന്ദവും പ്രദാനം ചെയ്യുന്നുമുണ്ട്. ഒരു ചെറുപുഞ്ചിരിയില്‍ തുടങ്ങിയ സൗഹൃദം പലപ്പോഴും ചിലരിലെങ്കിലും ഒരിക്കലും വേര്‍പ്പെടുത്താനാവാത്ത വിധം ദൃഢമാകാറുണ്ട്. ജാതി-മത-പ്രായ ഭേദമന്യേ മനസ്സുകള്‍ തമ്മില്‍ ഇടപഴകുന്ന ഈ ബന്ധത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് മൊഗ്രാലില്‍ ചളിയങ്കോട് റേഷന്‍ കട നടത്തുന്ന കൃഷ്ണന്‍ പെര്‍വാഡിന്റേത്.
കാസര്‍കോട്ട് വസ്ത്ര വ്യാപാരിയായിരുന്ന മൊഗ്രാല്‍ മഹമൂദ് ബ്രാന്‍ഡും കൃഷ്ണനും തമ്മിലുണ്ടായിരുന്നത് വലിയ സൗഹൃദബന്ധമായിരുന്നു. സൗഹൃദം പലപ്പോഴും അങ്ങനെയാണ് മരണപ്പെട്ടാലും ആ ബന്ധം ഹൃദയത്തില്‍ എന്നും തങ്ങിനില്‍ക്കും. ‘ചങ്ക്’എന്നൊക്കെ പറയാറില്ലേ, അതായിരുന്നു മഹമൂദും കൃഷ്ണനുമായുള്ള സൗഹൃദബന്ധം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രണ്ടര വര്‍ഷം മുന്‍പ് മഹമൂദ് മരണപ്പെട്ടത്. അതു മൊഗ്രാലിനെ നൊമ്പരപ്പെടുത്തിയ മരണവാര്‍ത്തയായിരുന്നു.അത് കൃഷ്ണന്റെ മനസ്സിലുണ്ടാക്കിയ മുറിവ് ചെറുതായിരുന്നില്ല.
മരണ വിവരം കേട്ടത് മുതല്‍ കൃഷ്ണന്‍ അസ്വസ്ഥനായിരുന്നു. ഒരാഴ്ചക്കാലം ഭക്ഷണം പോലും ഉപേക്ഷിച്ച് കൃഷ്ണന്‍ സങ്കടം കരഞ്ഞു തീര്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്ക് പോലും കൃഷ്ണനെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആശ്വസിപ്പിക്കുന്നവരിലും കണ്ണുനീരുണ്ടായിരുന്നു.
മഹമൂദ് വിടപറഞ്ഞു പോയിട്ട് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും കൃഷ്ണന്റെ മനസ്സില്‍ നിന്ന് മഹമൂദിനെ മാറ്റിനിര്‍ത്താനാവുന്നില്ല. മഹമൂദ് എന്നും തന്റെ മുന്‍പില്‍ നില്‍കുന്നത് പോലെ തോന്നും. സുഹൃത്തിനെ കാണാന്‍ ഒട്ടു മിക്ക ദിവസങ്ങളിലും കൃഷ്ണന്‍ മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറിനരികിലെത്തും. അവിടെനിന്ന് സുഹൃത്തിന് വേണ്ടി കണ്ണുനീര്‍ പൊലിക്കും. അഗര്‍ബത്തി കത്തിച്ചുവെക്കും. പൂച്ചെടികള്‍ നടും, ഖബര്‍ വൃത്തിയായി സൂക്ഷിച്ചു വെക്കും. ഈ കാഴ്ച നാട്ടുകാരെ പോലും നൊമ്പരപ്പെടുത്തുന്നുണ്ട്. രക്തബന്ധത്തിനപ്പുറം സ്‌നേഹവും, വിശ്വാസവും, പരസ്പര പിന്തുണയും കൊണ്ട് സ്വയം തെരഞ്ഞെടുക്കപ്പെടുന്ന സൗഹൃദ ബന്ധങ്ങളുടെ നേര്‍ക്കാഴ്ചയാണ് കൃഷ്ണന്റെതെന്ന് നാട്ടുകാര്‍ അനുസ്മരിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page