കൊച്ചി: മലയാളികളുടെ പ്രിയനടനും സംവിധായകനുമായിരുന്ന കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി. വെണ്ണലയിലാണ് കുടുംബത്തിനായി വീട് നിർമിച്ചത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ 2010 ലാണ് ലോകത്തോട് വിടപറഞ്ഞത്. നടന്റെ മരണത്തിന് ശേഷം കഴിഞ്ഞ പതിനാറ് വർഷമായി വാടക വീട്ടിലായിരുന്നു ഭാര്യ ഫാസിലയും ഇരട്ടക്കുട്ടികളായ സർഫയും മർവയും കഴിഞ്ഞിരുന്നത്. കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്നാണ് സ്വപ്ന വീടിന്റെ വീട്ടുപേര്. ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകൾ നടന്നത്. നടൻ ദിലീപും ഹരിശ്രീ അശോകനുമുൾപ്പെടെ നിരവധി പേർ ഗൃഹപ്രവേശ ചടങ്ങിനെത്തിയിരുന്നു. പിതാവ് എബി മുഹമ്മദിന്റെ പേരിലാകണം തന്റെ വീടെന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. തന്റെ സമ്പാദ്യത്തിൽ നിന്ന് തന്നെ സ്വന്തം വീടൊരുക്കണമെന്ന് കൊച്ചിൻ ഹനീഫ സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിൻ ഹനീഫ വിടവാങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കൾ ചില നിയമപ്രശ്‌നങ്ങളിൽ കുടുങ്ങികിടക്കുകയായിരുന്നു.
ഹനീഫയുടെ മരണസമയത്ത് കുട്ടികൾക്ക് പ്രായപൂർത്തിയായിരുന്നില്ല. മക്കൾക്ക് 18 വയസായതോടെ ആ സ്വത്തുക്കളിലെ നിയമപ്രശ്‌നങ്ങൾ അവസാനിച്ചുവെന്നും അദ്ദേഹം ആഗ്രഹിച്ചത് പോലെ വീട് പണിയാൻ കഴിഞ്ഞെന്നും ഭാര്യ ഫാസില മാധ്യമങ്ങളോട് പറഞ്ഞു. ആരുടെ മുന്നിലും തല കുനിക്കാൻ ഇഷ്ടപ്പെടാത്തയാളാണ് കൊച്ചിൻ ഹനീഫയെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ നിന്ന് തന്നെ വീടൊരുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മൂന്ന് നിലകളിലായി അഞ്ച് ബെഡ്റൂമുകളുള്ള വീടിന്റെ ഇന്റീരിയർ ഡിസൈൻ നിർവഹിച്ചതും സഫയും മർവയും തന്നെയാണ്. ഹനീഫയുടെ ജീവൻ തുടിക്കുന്ന ഫോട്ടോകളും ലഭിച്ച പുരസ്‌കാരങ്ങളും മറ്റും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.









Very happy news