ഹോർമുസ് കടലിടുക്കിൽ യു.എസ് വ്യോമാക്രമണം; പശ്ചിമേഷ്യയിൽ കടുത്ത യുദ്ധഭീതി.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ യു.എസ് സൈന്യം ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളായ ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, സിരിക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങൾക്ക് കനത്ത വില നൽകേണ്ടിവരുമെന്ന് യു.എസ് സെൻട്രൽ കമാൻഡ് മുന്നറിയിപ്പ് നൽകി. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും പ്രഖ്യാപിച്ചതോടെ മേഖലയിൽ കനത്ത യുദ്ധഭീതി ഉടലെടുത്തിട്ടുണ്ട് .
ഖമേനിയുടെ വിലാപയാത്രയ്ക്കിടയിലെ സമാധാന ചർച്ചാ പ്രതിസന്ധി.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രകളിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് യു.എസ് ആക്രമണം ഉണ്ടായത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെയുള്ള ഭീഷണികൾ അവസാനിപ്പിക്കാതെ ഇനി സമാധാന ചർച്ചകൾക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, ജൂലൈ പകുതിയോടെ ഇസ്രായേലും ലെബനനും തമ്മിലുള്ള അടുത്ത ഘട്ട സമാധാന ചർച്ചകൾ റോമിൽ വെച്ച് നടക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ സ്ഥിരീകരിച്ചു.
കറാച്ചിക്ക് സമീപം ചരക്കുകപ്പൽ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
ഷാർജയിൽ നിന്നും കറാച്ചിയിലേക്ക് വരികയായിരുന്ന കെ 2 എയർവേയ്‌സിന്റെ ബോയിംഗ് 737 ചരക്ക് വിമാനം (കാർഗോ പ്ലെ യിൻ ) അഞ്ച് ക്രൂ അംഗങ്ങളുമായി പറക്കുന്നതിനിടെ കറാച്ചിക്ക് സമീപം വെച്ച് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായി. വിമാനത്തിന്റെ നാവിഗേഷൻ സിസ്റ്റത്തിൽ തകരാർ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ബന്ധം വേർപെട്ടത്. വിമാനത്തിനായി പാകിസ്ഥാൻ വ്യോമയാന അധികൃതർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അറ്റ്‌ലാന്റയിൽ നടന്ന ആവേശകരമായ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഈജിപ്തിനെ 3-2 ന് തോൽപ്പിച്ച് അർജന്റീന ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്ന അർജന്റീന, ലയണൽ മെസ്സിയുടെ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് ശേഷമാണ് അവസാന 11 മിനിറ്റുകളിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് അവിശ്വസനീയമായ വിജയം സ്വന്തമാക്കിയത്. ഇതോടെ ലയണൽ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് വീണ്ടും ജീവൻ വച്ചിരിക്കുകയാണ്.
ന്യൂയോർക്കിലെ ആകാശചുംബിയിൽ അപകടനില: കെട്ടിടം ഒഴിപ്പിച്ചു
ന്യൂയോർക്കിലെ മാൻഹട്ടനിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മുൻ ആസ്ഥാന മന്ദിരത്തിന്റെ തൂണുകൾക്ക് പെട്ടെന്നുണ്ടായ തകരാറിനെ തുടർന്ന് പ്രദേശം അടിയന്തരമായി ഒഴിപ്പിച്ചു. കെട്ടിടത്തിന്റെ പ്രധാന തൂണുകൾ വളയുകയും നിലം താഴുകയും ചെയ്തതിനെ തുടർന്ന് കെട്ടിടം ഏത് നിമിഷവും തകരാവുന്ന നിലയിലാണെന്ന് ന്യൂയോർക്ക് അധികൃതർ അറിയിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്തോനേഷ്യൻ സന്ദർശനം: മൂന്ന് രാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഇന്തോനേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ‘ബിന്താങ് അധിപൂർണ’ സമ്മാനിച്ചു. കൂടാതെ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ആരോഗ്യം, വിദ്യാഭ്യാസം (ഐ ഐ എം )ബാംഗ്ലൂരിന്റെ പുതിയ കാമ്പസ് ഈസ്റ്റ് ജാവയിൽ സ്ഥാപിക്കും), പ്രതിരോധം: (ബ്രഹ്മോസ് മിസൈൽ കൈമാറ്റം) എന്നീ മേഖലകളിൽ പ്രധാന കരാറുകളിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി ഇന്ന് ഓസ്‌ട്രേലിയയിലേക്ക് തിരിക്കും.
ലഹരിക്കെതിരെ പുതിയ ദേശീയ കർമ്മപദ്ധതി (വിഷൻ ഡോക്യുമെന്റ് 2026-2029): രാജ്യത്തെ വിമാനത്താവളങ്ങളിൽ മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പാസഞ്ചർ പ്രൊഫൈലിംഗ് സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഐഐടി, ഐഐഎം ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഘട്ടം ഘട്ടമായി ഡ്രഗ് സ്ക്രീനിംഗ് പരിശോധനകൾ കൊണ്ടുവരുമെന്നും വിദേശത്തേക്ക് കടന്ന 100 ലഹരി മാഫിയാ പ്രതികളെ തിരിച്ചെത്തിക്കാൻ പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കിയ നയരേഖ വ്യക്തമാക്കുന്നു.
നർമ്മദാ തർക്കത്തിന് പരിഹാരം: മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ നാല് സംസ്ഥാനങ്ങൾ തമ്മിൽ നർമ്മദാ നദീജല പദ്ധതിയുമായി ബന്ധപ്പെട്ട് 50 വർഷമായി നിലനിന്നിരുന്ന കുടിശ്ശിക തർക്കം ആഭ്യന്തരമന്ത്രി അമിത് ഷായുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച പുതിയ കരാറിലൂടെ പരിഹരിച്ചു.
എൽ നിനോ പ്രതിഭാസവും സമ്പദ്‌വ്യവസ്ഥയും: ഈ വർഷത്തെ ഖരീഫ് വിളവെടുപ്പിനെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചേക്കാവുന്ന ‘എൽ നിനോ’ പ്രതിഭാസത്തിന്റെ ആഘാതം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര അവലോകന യോഗം ചേർന്നു.
മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ഉത്തരാഖണ്ഡിൽ കല്ലുമണ്ണിച്ചിലിനെ തുടർന്ന് 32 പ്രധാന റോഡുകൾ അടച്ചു.
ബിഷ്‌ണോയ് ഗ്യാങ്ങിനെതിരെ ആഗോള നീക്കം: കാനഡയിൽ കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്‌ണോയ് സംഘത്തിനെതിരെ യുഎസ് കുറ്റപത്രം സമർപ്പിച്ചു. ജയിലിനുള്ളിൽ ഇരുന്ന് മൊബൈൽ ഫോണുകൾ വഴി അന്താരാഷ്ട്ര ക്രിമിനൽ ശൃംഖല നിയന്ത്രിച്ചതിന് ഈ സംഘത്തിലെ 24 പേരെ വിവിധ രാജ്യങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തിട്ടുണ്ട്.
എടിഎമ്മുകളിലെ പണലഭ്യത: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എടിഎമ്മുകളിൽ പണക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന്, ബാങ്കുകളിലെ പണത്തിന്റെ സ്റ്റോക്ക് സംബന്ധിച്ച് റിസർവ് ബാങ്ക് അടിയന്തര അന്വേഷണവും പരിശോധനയും ആരംഭിച്ചു.
വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടൽ; തെരച്ചിൽ ഊർജ്ജിതം
മേപ്പാടി കള്ളാടിയിൽ നിർമ്മാണത്തിലിരിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവേശന കവാടത്തിന് സമീപം കനത്ത മഴയെത്തുടർന്ന് വലിയ രീതിയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. അപകടത്തിൽ 5 പേർ മരണപ്പെടുകയും 3 പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. കാണാതായവർക്കായി പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഇന്ന് ദുരന്തഭൂമി സന്ദർശിക്കും.
കനത്ത മഴ: രണ്ട് ജില്ലകളിൽ ഇന്നു അവധി.
അതിതീവ്ര മഴ മുന്നറിയിപ്പിന്റെ (റെഡ് അലർട്ട്) പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റെസിഡൻഷ്യൽ സ്ഥാപനങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി/പി.എസ്.സി പരീക്ഷകൾക്കും ഈ അവധി ബാധകമല്ല.
സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ദുർബലമായെങ്കിലും അതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത നാല് ദിവസം കൂടി പരക്കെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എ.കെ. ആന്റണിക്കെതിരായ സൈബർ ആക്രമണത്തിൽ കേസ്
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ബി.ജെ.പി അനുകൂല പ്രസ്താവന നടത്തി എന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തിയതിനും സൈബർ ആക്രമണം അഴിച്ചുവിട്ടതിനും പോലീസ് കേസെടുത്തു.
പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ചുമതലയേറ്റു
കേരളത്തിന്റെ പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥൻ എൻ. ഔദ്യോഗികമായി ചുമതലയേറ്റു.
കുടുംബശ്രീ ‘കേരള ചിക്കൻ’ പദ്ധതി: അപേക്ഷ ക്ഷണിച്ചു.
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ പുതിയ ബ്രോയിലർ കോഴി ഫാമുകൾ ആരംഭിക്കുന്നതിനായി കുടുംബശ്രീ/ഓക്‌സിലറി ഗ്രൂപ്പ് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 1,000 മുതൽ 10,000 കോഴികളെ വരെ വളർത്താൻ ശേഷിയുള്ള ഫാമുകൾക്കാണ് അനുമതി നൽകുക.
കാലവർഷക്കെടുതി: ജില്ലയിൽ ശക്തമായ കാലവർഷത്തെ തുടർന്ന് പലയിടങ്ങളിലായി വീടുകൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരന്തനിവാരണ സേന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്കൂൾ ഉച്ചഭക്ഷണ പ്രതിസന്ധി: വിലക്കയറ്റവും പാചകവാതക ക്ഷാമവും കാരണം ജില്ലയിലെ പല സ്കൂളുകളിലും ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലായതായി റിപ്പോർട്ടുകളുണ്ട്.








