യു.എസ്-ഇസ്രായേൽ യുദ്ധത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ ആറ് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്രയ്ക്കും സംസ്കാര ചടങ്ങുകൾക്കും തലസ്ഥാനമായ ടെഹ്‌റാനിൽ തുടക്കമായി. ദശലക്ഷക്കണക്കിന് ആളുകൾ ചടങ്ങുകളിൽ പങ്കാളികളാകുമെന്നാണ് റിപ്പോർട്ടുകൾ.
പുതിയ സമാധാന ചർച്ചകൾക്കായി ഇറാൻ തയ്യാറായതായി ഡോഹയിൽ വെച്ച് ട്രംപ് അവകാശപ്പെട്ടു.
തന്ത്രപ്രധാനമായ സ്ട്രെയിറ്റ് ഓഫ് ഹോർമുസ് വഴി കടന്നുപോകുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് സർവീസ് ഫീസ് ഈടാക്കാൻ ഇറാൻ തീരുമാനിച്ചതായി ചൈനയിലെ ഇറാൻ അംബാസഡർ വ്യക്തമാക്കി. ഒമാനുമായി സഹകരിച്ചായിരിക്കും ഈ പുതിയ ക്രമീകരണം. എന്നാൽ യു.എസ് ഈ നീക്കത്തെ ശക്തമായി എതിർത്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച വെനസ്വേലയുടെ വടക്കൻ തീരത്തുണ്ടായ ഇരട്ട ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് ദിവസത്തിന് ശേഷം ഒരു യുവാവിനെ ജീവനോടെ രക്ഷപെടുത്തി. അന്താരാഷ്ട്ര രക്ഷാപ്രവർത്തകർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്.
റഷ്യൻ എണ്ണ ടാങ്കറുകൾക്ക് നേരെ ഉക്രെയ്ൻ ഡ്രോൺ ആക്രമണം.
സെന്റ് പീറ്റേഴ്സ്ബർഗിലെ ഓയിൽ ടെർമിനലിനും സമീപത്തെ തുറമുഖത്തിനും നേരെയാണ് ഉക്രെയ്ൻ ശക്തമായ ഡ്രോൺ ആക്രമണം നടത്തിയത് . വൻതോതിലുള്ള ആക്രമണമാണ് രാത്രിയിൽ ഉണ്ടായതെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് റഷ്യൻ അധികൃതർ അറിയിച്ചു.
അമേരിക്കയുടെ സ്വാതന്ത്ര്യദിന (ജൂലൈ 4) ആഘോഷങ്ങൾക്കിടയിലും രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ കടുത്ത ഉഷ്ണതരംഗം തുടരുകയാണ്. കടുത്ത ചൂട് കാരണം വാഷിംഗ്ടണിലെ നാഷണൽ മാളിൽ നടന്ന ചില ആഘോഷ പരിപാടികൾ താൽക്കാലികമായി മാറ്റിവെക്കേണ്ടി വന്നു.
ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾ ആവേശകരമായി പുരോഗമിക്കുന്നു. ബ്രസീൽ ജപ്പാനെ (2-1) പരാജയപ്പെടുത്തി പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. സ്പെയിൻ ഓസ്ട്രിയയെയും (3-0), ഫ്രാൻസ് സ്വീഡനെയും (3-0) തോൽപ്പിച്ച് അടുത്ത റൗണ്ടിലേക്ക് കടന്നു. വരും ദിവസങ്ങളിൽ സ്പെയിൻ – പോർച്ചുഗൽ, ബ്രസീൽ – നോർവേ പോരാട്ടങ്ങൾ നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ പച്പദ്രയിൽ രാജ്യത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് ഇന്റഗ്രേറ്റഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും തന്ത്രപരമായ നയങ്ങളിലൂടെ ഇന്ത്യ ഊർജ്ജ പ്രതിസന്ധിയെ മറികടന്നതായി അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി.
ജോധ്പൂർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെ നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. നിരവധി പ്രധാന ബില്ലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
യുഎപിഎ നിയമപ്രകാരം പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 23 പേരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ചു. ലഷ്‌കറെ ത്വയ്യിബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളിലെ പ്രമുഖരും ഹാഫിസ് സയീദിന്റെ മരുമകനും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസിൽ ഭിന്നത: പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ചന്ദ്രിമ ഭട്ടാചാര്യ രാജി വെച്ചു. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണ് രാജിയെന്നാണ് സൂചന. മമത ബാനർജി ബംഗാൾ ഘടകത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്തു.
റിലയൻസ് എഡിഎ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഫണ്ട് വകമാറ്റൽ കേസിൽ റിലയൻസ് ക്യാപിറ്റലിന്റെ മുൻ സിഎഫ്ഒ അമിത് ബാപ്നയെ സിബിഐ അറസ്റ്റ് ചെയ്തു.
ബിജെപി എംഎൽഎയ്ക്ക് തടവുശിക്ഷ: ബിഹാറിലെ ബിജെപി എംഎൽഎ രാജു കുമാർ സിങ്ങിന് ആഘോഷ പ്രകടനത്തിനിടയിലെ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ കോടതി 4 വർഷത്തെ തടവുശിക്ഷ വിധിച്ചു.
അയോധ്യ രാമക്ഷേത്ര കവർച്ചക്കേസ്: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജ്ജിതമാക്കി. കവർന്ന സ്വർണം ഉരുക്കി ബിസ്‌ക്കറ്റുകളാക്കി മാറ്റിയതായി സംശയമുണ്ട്.
കാലാവസ്ഥാ മുന്നറിയിപ്പ് : വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ഗുജറാത്ത്, ഒഡീഷ, കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ ഇടപാട്: രാഷ്ട്രീയ വിവാദം പുകയുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കം സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി തുടരുകയാണ്. വിഴിഞ്ഞം എം.ഡിയായ ഐ.എ.എസ് ഉദ്യോഗസ്ഥനെ മാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണെന്ന് സി.പി.എം ആരോപിച്ചു.
തിരുവനന്തപുരത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഹർജി കോടതി തള്ളി.
തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷയും കോടതി നിരസിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എ.ഐ ട്രാഫിക് ക്യാമറകളുടെ പ്രവർത്തനം അഞ്ചാം ദിവസവും തടസ്സപ്പെട്ടിരിക്കുകയാണ്. കെൽട്രോണിന് സർക്കാർ നൽകാനുള്ള 55 കോടിയോളം രൂപയുടെ കുടിശ്ശികയെച്ചൊല്ലിയുള്ള തർക്കമാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്ന പരിഹാരത്തിനായി സർക്കാർ ഇതുവരെ കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
ഐ.ടി ജീവനക്കാരുടെ ലേ-ഓഫ് വിവാദം.
കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ യു.എസ് ഐ.ടി കമ്പനി, ജീവനക്കാരെ പിരിച്ചുവിടില്ലെന്ന മുൻ ധാരണ ലംഘിച്ച് 800-വോളം ജീവനക്കാർക്ക് ‘സെവറൻസ് പേ’ (നഷ്ടപരിഹാരത്തുക) അക്കൗണ്ടിൽ നിക്ഷേപിച്ചതായി റിപ്പോർട്ടുകൾ. സർക്കാർ ഇടപെടലുകൾ നിലനിൽക്കെയാണ് കമ്പനിയുടെ ഈ നീക്കം.
പാലാ നഗരസഭയിലെ കൗൺസിൽ യോഗത്തിൽ വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് കോൺഗ്രസ് അംഗങ്ങൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു.
സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിൽ വിൽക്കാത്ത ടിക്കറ്റിന് സമ്മാനമടിച്ചതുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉയർന്നുവന്നിട്ടുണ്ട്.
30 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.
ലഹരിമരുന്ന് വേട്ടയ്ക്കായുള്ള ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായി കാസർകോട്ടെ കുമ്പള ആരിക്കാടി ടോൾ പ്ലാസയ്ക്ക് സമീപം കാറിൽ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവുമായാണ് രണ്ടുപേരെ പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശി അഹമ്മദ് കബീർ ലാല (ലാലാ കബീർ), മുഹമ്മദ് മിർഷാൻ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് പൊലീസ് ഈ പരിശോധന നടത്തിയത്.
കാസർകോട്ട് കാലവർഷക്കെടുതിയും നാശനഷ്ടങ്ങളും
ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലായി വീടുകൾക്ക് ഭാഗികമായ തകരാറുകൾ സംഭവിച്ചു. തീരദേശ മേഖലകളിൽ കടലാക്രമണ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഫയർഫോഴ്സ്, പൊലീസ്, വനം വകുപ്പ് തുടങ്ങിയ വിഭാഗങ്ങളോട് എപ്പോഴും സജ്ജരായിരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പ്രതിസന്ധി.
വിലക്കയറ്റവും പാചകവാതക ക്ഷാമവും കാരണം ജില്ലയിലെ പല സ്കൂളുകളിലും ഉച്ചഭക്ഷണ പദ്ധതി വലിയ പ്രതിസന്ധി നേരിടുന്നു. കിച്ചൻ കം സ്റ്റോർ സംവിധാനമുള്ള വിദ്യാലയങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ മൂലം വിറക് കത്തിച്ചുള്ള പാചകം സാധ്യമല്ലാത്തത് ബുദ്ധിമുട്ട് ഇരട്ടിയാക്കുന്നു.








