ന്യൂഡല്‍ഹി: പശുവിന്റെ ആക്രമണത്തില്‍ ബിജെപി വനിതാനേതാവിന് ഗുരുതര പരിക്ക്. കിഴക്കന്‍ ഡല്‍ഹിയില്‍നിന്നുള്ള ബിജെപി കൗണ്‍സിലര്‍ കൂടിയായ ശശി ചന്ദനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. തെരുവില്‍ അലഞ്ഞു നടക്കുന്ന പശുവാണ് ആക്രമിച്ചത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 24-ാം തീയതി രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെ പശു തനിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് കൗണ്‍സിലര്‍ പറഞ്ഞു. പശുവിന്റെ കുത്തേറ്റ് തലയിടിച്ചാണ് വീണത്.
വായുവില്‍ ഉയര്‍ന്നുപൊങ്ങി നിലത്തുവീണുവെന്നും തലയ്ക്കും മറ്റു ഭാഗങ്ങളിലും പരിക്കുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ കിഴക്കന്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ശശി ചന്ദന. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ മന്ദാവാലി വാര്‍ഡിനെയാണ് ശശി ചന്ദന പ്രതിനിധീകരിക്കുന്നത്.








