ഇന്നത്തെ പ്രധാന വാർത്തകൾ

​ യു.എസ് – ഇറാൻ സമാധാന കരാർ പ്രഖ്യാപിച്ചു.
​പശ്ചിമേഷ്യയിൽ മൂന്ന് മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന കരാറിലെത്തി. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും സൈനിക നീക്കങ്ങൾ ഉടനടി പൂർണ്ണമായും അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു.
​പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് മധ്യസ്ഥ ചർച്ചകൾ വിജയകരമായ വിവരം ആദ്യം പുറത്തുവിട്ടത്.
ജൂൺ 19-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങ് നടക്കും.

​കരാറിന്റെ ഭാഗമായി തന്ത്രപ്രധാനമായ ഹൊർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും ഇറാന് മേലുള്ള യു.എസ് ഉപരോധങ്ങളിൽ ഇളവ് വരുത്തുമെന്നുമാണ് റിപ്പോർട്ടുകൾ.

​ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം; ട്രംപിന് അതൃപ്തി
​സമാധാന കരാർ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം വലിയ ആശങ്ക സൃഷ്ടിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ വ്യക്തമാക്കിയെങ്കിലും, ഇത് സമാധാന ചർച്ചകളെ ബാധിക്കരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിച്ച് അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

​ജി -7 ഉച്ചകോടി ഇന്ന് ആരംഭിക്കും.
​ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായ്മയായ ജി 7 ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. യു.എസ്-ഇറാൻ സമാധാന കരാറിന്റെ പശ്ചാത്തലത്തിൽ, ഹൊർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള സുരക്ഷാ കാര്യങ്ങളും ആഗോള സാമ്പത്തിക സ്ഥിതിയും ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും.

​ഡൊണാൾഡ് ട്രംപിന് 80-ാം ജന്മദിനം.
​അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ 80-ാം ജന്മദിനം ആഘോഷിച്ചു. തന്റെ ജന്മദിനത്തോടനുബന്ധിച്ച് പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

​ഇന്ന് ലോക ഡെങ്കിദിനം .
​ആഗോളതലത്തിൽ ഡെങ്കിപ്പനിക്കെതിരെയുള്ള ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഇന്ന് ലോക ഡെങ്കിദിനമായി ആചരിക്കുന്നു. സിംഗപ്പൂരിൽ നടക്കുന്ന ഏഷ്യ ഡെങ്കി ഉച്ചകോടിയാണ് ഇത്തവണത്തെ പ്രധാന പരിപാടി.


​തൃണമൂൽ കോൺഗ്രസിൽ ഭിന്നത ശക്തമാകുന്നു. പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പാർട്ടിയിലെ വിമത എംപിമാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. വിമതർ അയോഗ്യതാ വേട്ടുപീഡനം ഒഴിവാക്കാനായി ‘നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യ’ (എൻ സി പി ഐ ) എന്ന പാർട്ടിയിൽ ലയിക്കാൻ നീക്കം നടത്തുന്നതായും ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകിയതായും സൂചനകളുണ്ട്. ഇവർ എൻഡിഎ മുന്നണിയെ പിന്തുണച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

​നടി ഗൗതമി എ ഐ എ ഡി എം കെ വിട്ടു: പ്രമുഖ തെന്നിന്ത്യൻ നടി ഗൗതമി എഐഎഡിഎംകെ പാർട്ടിയിൽ നിന്നും അതിന്റെ ഔദ്യോഗിക പദവികളിൽ നിന്നും രാജി പ്രഖ്യാപിച്ചു. പാർട്ടി ചട്ടക്കൂടുകൾക്ക് പുറത്തുനിന്ന് സ്വതന്ത്രമായി ജനക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് അവർ വ്യക്തമാക്കി.

പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നതായി സൂചന. ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.

​100% എഥനോൾ ഇന്ധനത്തിന് (ഇ -100) അനുമതി: രാജ്യത്ത് നൂറ് ശതമാനം എഥനോൾ ഇന്ധന ഉപയോഗത്തിന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അംഗീകാരം നൽകി. ഹരിത ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ ചുവടുവെപ്പിൽ ഇത് നിർണായക യുഗത്തിന് തുടക്കം കുറിക്കും.

​അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ട് വിവാദം: ക്ഷേത്രത്തിലെ കാണിക്കയും ഫണ്ടുകളും വെട്ടിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഈ അന്വേഷണത്തെ രാമക്ഷേത്ര നിർമാണ ട്രസ്റ്റ് കമ്മിറ്റി സ്വാഗതം ചെയ്തിട്ടുണ്ട്.

​നീറ്റ് പുനഃപരീക്ഷാ പ്രതിസന്ധി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നീറ്റ് പുനഃപരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ വീണ്ടും രംഗത്തെത്തി.

​ഡൽഹിയിൽ കുടിവെള്ളത്തെച്ചൊല്ലി സംഘർഷം: കടുത്ത വേനലിൽ ഡെറാഡൂണിലും ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും കുടിവെള്ള ക്ഷാമത്തെച്ചൊല്ലി വലിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡെറാഡൂണിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

​സ്വർണ്ണക്കടത്ത് വേട്ട: ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ മുൻവശത്തെ ശുചിമുറിയിലെ സ്പീക്കർ യൂണിറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ ബിസ്കറ്റുകൾ കസ്റ്റംസ് പിടികൂടി.

കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര (പ്രിയദർശിനി പദ്ധതി): യുഡിഎഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘പ്രിയദർശിനി’ സൗജന്യ ബസ് യാത്ര പദ്ധതി ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം തമ്പാനൂരിൽ ഫ്ലാഗ് ഓഫ് ചെയ്യും. കെഎസ്ആർടിസിയുടെ ഓർഡിനറി, സിറ്റി സർവീസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഇനി സൗജന്യമായി യാത്ര ചെയ്യാം. ഇതിനായി ‘സീറോ ഫെയർ’ ടിക്കറ്റുകൾ ബസിൽ വിതരണം ചെയ്യും. അതേസമയം, എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഎം ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

​പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് അധികൃതർ പുറത്തുവിട്ടു.

കൊച്ചിയിലെ ഡ്രെയിനേജ് സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായി 27 കിലോമീറ്റർ നീളമുള്ള പുതിയ സ്വീവേജ് പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി കരാർ ഒപ്പിട്ടു. ഓഗസ്റ്റോടെ ഇതിന്റെ പൈപ്പ് ഇടൽ ജോലിആരംഭിക്കും.

മലപ്പുറം ജില്ലയിൽ നിപ, ഷിഗെല്ല രോഗബാധകൾക്കെതിരെയുള്ള നിരീക്ഷണം ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

​പ്രവാസി കേരളീയർക്കായി നോർക്ക കാമ്പയിൻ: നോർക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന വിവിധ പ്രവാസി ഐഡി കാർഡുകളെയും ഇൻഷുറൻസ് സേവനങ്ങളെയും കുറിച്ച് പ്രവാസികൾക്കിടയിൽ അവബോധം വളർത്തുന്നതിനായുള്ള പ്രത്യേക കാമ്പയിൻ ഇന്ന് (ജൂൺ 15) മുതൽ ജൂലൈ 15 വരെ നടക്കും.

സംസ്ഥാനത്ത് മഴക്കാലം ശക്തമാകുന്ന പശ്ചാത്തലത്തിൽ പകർച്ചവ്യാധികൾക്കെതിരെ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

​ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ അർഷാദിന് സ്നേഹവീട്: അടുത്തിടെ ട്രെയിനിൽ നിന്ന് വീണ് ഇരുകാലുകളും നഷ്ടപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിയായ അർഷാദിന് കല്ലട്ര മാഹിൻ എം.എൽ.എയുടെ നേതൃത്വത്തിൽ പുതിയ വീട് നിർമ്മിച്ച് നൽകും.

​ബേക്കൽ കോട്ടയ്ക്ക് സമീപം കടലിൽ രണ്ട് വിദ്യാർത്ഥികളെ കാണാതായി.
​ഇന്നലെ ബേക്കൽ കോട്ടയ്ക്ക് സമീപമുള്ള പള്ളിക്കര ബീച്ചിൽ കുളിക്കാനിറങ്ങിയ കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് വിദ്യാർത്ഥികളെ ശക്തമായ ഒഴുക്കിൽപ്പെട്ടാണ് കടലിൽ കാണാതായത്.സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page