ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആഗോളതലത്തില്‍ പണിമുടക്കി; മെസഞ്ചറും പ്രവര്‍ത്തനരഹിതമായി, ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം തടസ്സപ്പെട്ടു, തകരാർ കാരണം വ്യക്തമാക്കാതെ മെറ്റ

ന്യൂഡല്‍ഹി: പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഉണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ തടസ്സപ്പെട്ടു. ഫേസ്ബുക്കിന്റെ മെസഞ്ചറിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്കൗണ്ടുകൾ ലോഗിന്‍ ചെയ്യാനോ പ്രധാന ഫീച്ചറുകള്‍ ഉപയോഗിക്കാനോ കഴിയാതെ നിരവധി പേർ ബുദ്ധിമുട്ടി. ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഓസ്ട്രേലിയ, ഫിലിപ്പീന്‍സ്, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിലെ ഉപഭോക്താക്കളെ ഈ തകരാര്‍ ബാധിച്ചു.
ഇന്ത്യന്‍ സമയം വൈകുന്നേരം 7 മണിയോടെയാണ് പ്ലാറ്റ്ഫോമുകളിലെ തകരാറുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. ആപ്പുകള്‍ ശരിയായി ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും, ഉള്ളടക്കങ്ങള്‍ പുതുക്കാന്‍ കഴിയുന്നില്ലെന്നുമാണ് ഉപഭോക്താക്കള്‍ പരാതിപ്പെട്ടത്. ആശയവിനിമയത്തിനും വിനോദത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി മെറ്റായുടെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളെ ഈ തടസ്സം ആശങ്കയിലാഴ്‌ത്തി.
മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും വെബ് ബ്രൗസറുകള്‍ വഴിയും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കാന്‍ ശ്രമിച്ച ആയിരക്കണക്കിന് ആളുകളാണ് തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഒരു മണിക്കൂറിന് ശേഷം അക്കൗണ്ടുകള്‍ റീഫ്രഷ് ആകുന്നുണ്ടെങ്കിലും പുതിയ ഫീഡുകള്‍ പോസ്റ്റ് ചെയ്യാനോ മെസെന്‍ജര്‍ ഉപയോഗിക്കാനോ പറ്റുന്നില്ല. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലുള്ള വലിയൊരു സാങ്കേതിക തകരാറാണ് ഇതിന് പിന്നിലെന്നും നിരീക്ഷണ വെബ്സൈറ്റുകള്‍ വ്യക്തമാക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page