കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലക്കുന്ന് ടൗണില്‍ കഴിഞ്ഞ ദിവസം നടന്ന രീതിയില്‍ വീണ്ടും കവര്‍ച്ച. ഇന്നലെ (വെള്ളി) പുലര്‍ച്ചെ രണ്ടു മണിക്കും മൂന്നു മണിക്കും ഇടയില്‍ ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്പ്രകാനത്താണ് കവര്‍ച്ച നടന്നത്. വെള്ളൂര്‍, ആലിങ്കീഴില്‍ സ്വദേശിയായ ഇഷാഖിന്റെ ഉടമസ്ഥതയിലുള്ള ’77 സ്പീഡ് മാര്‍ട്ട് ‘എന്ന മിനി സൂപ്പര്‍ മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. കടയുടെ ഗ്രില്ലിന്റെ പൂട്ടു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ 7000 രൂപ, മൊബൈല്‍ ഫോണ്‍, സിഗരറ്റ് പാക്കറ്റുകള്‍ എന്നിവ കൈക്കലാക്കിയാണ് സ്ഥലം വിട്ടത്. മാസ്‌ക് ധരിച്ചെത്തിയ രണ്ടു യുവാക്കളാണ് കവര്‍ച്ചക്ക് പിന്നില്‍. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
സമാനരീതിയിലാണ് ഏതാനും ദിവസം മുമ്പ് പാലക്കുന്ന് ടൗണിലെ ഒരു ബേക്കറിയിലും കവര്‍ച്ച നടത്തിയത്. നിമിഷ നേരം കൊണ്ടാണ് രണ്ടംഗ സംഘം കടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് കവര്‍ച്ച നടത്തിയത്. ഒരു വാഹനത്തിലെത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്. പൂട്ട് പൊളിക്കുന്നതില്‍ വിദഗ്ധ പരിശീലനം നേടിയ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നു സംശയിക്കുന്നു.






